ഇംഗ്ലണ്ട് ആരാധകരുടെ ഇഷ്ടക്കുറവ് കോഹ്ലിക്കൊരു വിഷയമല്ല: നാസര്‍ ഹുസൈന്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിങ് ശൈലിക്കും മികവിനുമൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കളത്തിലെ അദ്ദേഹത്തിന്റെ മനോഭാവം

Virat Kohli, Indian Cricket Team
Photo: Facebook/ Indian Cricket Team

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിങ് ശൈലിക്കും മികവിനുമൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കളത്തിലെ അദ്ദേഹത്തിന്റെ മനോഭാവം. എതിരാളികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം മൂലം കോഹ്ലിയെ മറ്റു കളിക്കാര്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈനിന്റെ അഭിപ്രായം.

“മൈതാനത്തിലെ കോഹ്ലിയുടെ മനോഭാവം പല ടീമുകളെയും തളര്‍ത്തുന്ന ഒന്നാണ്. അദ്ദേഹത്തിനെതിരെ കളിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും അദ്ദേഹത്തോട് താത്പര്യം ഇല്ലെന്ന് എനിക്ക് ഉറപ്പാണ്. പ്രത്യേകിച്ചും ഇംഗ്ലണ്ട് ആരാധകര്‍ക്ക് കോഹ്ലിയെ ഇഷ്ടമല്ല. പക്ഷെ അയാള്‍ അത് കാര്യമാക്കാറില്ലെന്നാണ് എനിക്ക് തോന്നുന്നത്,” നാസര്‍ ഹുസൈന്‍ ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിലില്‍ എഴുതി.

കോഹ്ലിയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഡങ്കണ്‍ ഫ്ലെച്ചറുമായി സംസാരിച്ചതിനെക്കുറിച്ചും നാസര്‍ ഹുസൈന്‍ ഓര്‍ത്തെടുത്തു. കോഹ്ലി വിജയിയായ ഒരു താരമാണ്, അത് എത്തിപ്പിടിക്കാനുള്ള മികവും അദ്ദേഹത്തിനുണ്ടെന്ന് ഫ്ലെച്ചര്‍ പറഞ്ഞതായി നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

“മത്സരത്തിന് മുന്നോടിയായി സഹതാരങ്ങള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നത് ശ്രദ്ധിച്ചാല്‍ മനസിലാകും കോഹ്ലി എത്രത്തോളം മത്സരബുദ്ധിയുള്ള വ്യക്തിയാണെന്ന്. ഒരു ടാക്കിള്‍ ചെയ്യുന്നതിനൊന്നും അദ്ദേഹത്തിന് മടിയില്ല. ഏകദിനത്തില്‍ വിരാട് കോഹ്ലി വലിയ സ്കോറുകള്‍ പിന്തുടര്‍ന്ന് ജയിക്കുന്നത് നോക്കൂ. ഒരു ബോളറെ പോലും തനിക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അയാള്‍ അനുവദിക്കില്ല,” ഹുസൈന്‍ വ്യക്തമാക്കി.

ഈ വര്‍ഷം കോഹ്ലി അത്ര ഫോമിലല്ലെന്നും, ഇന്ത്യ വിജയം തുടരുന്നിടത്തോളം സമയം അയാള്‍ക്കത് വിഷയമായിരിക്കില്ലെന്നും മുന്‍ ഇംഗ്ലണ്ട് താരം അഭിപ്രായപ്പെട്ടു. “ഇന്ത്യക്ക് ഈ പരമ്പര വിജയിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് കോഹ്ലിക്കറിയാം. താന്‍ നേടുന്ന റണ്‍സിനേക്കാള്‍ പ്രാധാന്യം ഇന്ത്യയുടെ വിജയത്തിനാണ് കോഹ്ലി നല്‍കുന്നത്,” ഹുസൈന്‍ പറഞ്ഞു.

Also Read: ‘സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും പൂജാരയ്ക്കും അറിയാം;’ വിമർശനങ്ങൾക്ക് മറുപടിയുമായി രഹാനെ

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: England supporters wont like kohli says nasser hussain

Next Story
‘സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും പൂജാരയ്ക്കും അറിയാം;’ വിമർശനങ്ങൾക്ക് മറുപടിയുമായി രഹാനെ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express