ലീഡ്‌സ്: ക്രിസ് വോക്‌സിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 54 റണ്‍സിന്റെ വിജയം. പരമ്പരയിലെ അവസാന മത്സരവും ജയിച്ചതോടെ 4-0 ന് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി. ആദ്യത്തെ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ലോകകപ്പിന് മുന്നോടിയായി നടന്ന പരമ്പര എന്ന നിലയില്‍ വിജയം ഇംഗ്ലീഷ് പടയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 352 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തില്‍ തന്നെ പിഴച്ചു. തന്റെ ആദ്യ ഒമ്പത് പന്തില്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ തന്നെ മൂന്ന് വിക്കറ്റുകളാണ് വോക്‌സ് നേടിയത്. തുടര്‍ന്ന് ബാബര്‍ അസമും നായകന്‍ സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്ന് പാക്കിസ്ഥാനെ പതിയെ പിടിച്ചു നിര്‍ത്തി. ബാബര്‍ 80 റണ്‍സും സര്‍ഫ്രാസ് 97 റണ്‍സും നേടി. എന്നാല്‍ രണ്ട് പേരും പുറത്തായതോടെ പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

ഫഖര്‍ സമാനേയും ആബിദ് അലിയേയും കൂടെ പുറത്താക്കി വോക്‌സ് പാക്കിസ്ഥാന്റെ നടുവൊടിച്ചിട്ടു. പിന്നാലെ മുഹമ്മദ് ഹഫീസിനേയും വോക്‌സ് മടക്കി അയച്ചു. 47 ഓവറില്‍ 297 റണ്‍സുമായാണ് പാക്കിസ്ഥാന്‍ പുറത്തായത്.

നേരത്തെ തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് 25 ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 191 റണ്‍സെടുത്തിരുന്നു. ടെസ്റ്റ് നായകന്‍ ജോ റൂട്ട് 84 റണ്‍സും വിലക്കില്‍ നിന്നും മടങ്ങി വന്ന നായകന്‍ ഇയാന്‍ മോര്‍ഗന്‍ 76 റണ്‍സുമെടുത്താണ് പുറത്തായത്. ഇരുവരും ചേര്‍ന്ന് 117 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന ഓവറുകളില്‍ ടോം കറന്റെ വെടിക്കെട്ട് ബാറ്റ് കൂടിയായതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 350 കടന്നു.പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് നേടിയപ്പോള്‍ ഇമാദ് വസീം മൂന്ന് വിക്കറ്റ് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook