ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച ഇന്നലെ വൈകുന്നേരം വാർത്തകൾക്ക് കാതോർത്ത് ചണ്ഡിഗഡിലെ വസതിയിൽ പ്രാർത്ഥനാമുറിയിലായിരുന്നു അര്‍ഷദീപിന്റെ അമ്മ ബൽജിത് കൗര്‍.
അര്‍ഷദീപിന്റെ ഈ നേട്ടം കുടുംബത്തെ സംബന്ധിച്ചു വികാരങ്ങളുടെ ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നെന്ന് പറയാം. ഇക്കഴിഞ്ഞ ഏഷ്യ കപ്പിൽ പാക്കിസ്ഥാന്‍ താരം ആസിഫ് അലിയുടെ ക്യാച്ച് വിട്ടുകളഞ്ഞതിന് ആരാധകരുടെ ട്രോളുകളും വിമർശനങ്ങളും അര്‍ഷദീപിന് നേരിടേണ്ടിവന്നിരുന്നു.
“ഇന്ത്യൻ ടീമിന്റെ വിജയത്തില്‍ സംഭാവന നല്‍കി, ഒടുവില്‍ പാക്കിസ്ഥാനുമായി ഉണ്ടായ പരാജയവും, ചെറിയ കരിയറിനുള്ളില്‍ അര്‍ഷദീപ് ഒരുപാട് കണ്ടു. നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ലഭിച്ചു. എല്ലായ്പ്പോഴും പോസിറ്റീവായി ഇരിക്കാന്‍ അവന് കഴിയുന്നുണ്ട്. ട്വന്റി 20 ലോകകപ്പ് ടീമില്‍ ഇടം നേടിയത് അര്‍ഷദീപിനെ പോലെ കുടുംബത്തിനും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നാണ്. ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെയാണ് അര്‍ഷദീപിന്റെ പേര് പ്രഖ്യാപിച്ചത്. ട്വന്റി 20 ലോകകപ്പില്‍ അവന്‍ മികച്ച പ്രകടനം നടത്താനും ഇന്ത്യ കിരീടം നേടാനും ഞാന്‍ പ്രാര്‍ത്ഥിച്ചു,” ബല്‍ജിത് കൗര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
1999 ൽ മധ്യപ്രദേശിലെ ഗുന ജില്ലയിലായിരുന്നു അര്‍ഷദീപിന്റെ ജനനം. അച്ഛൻ സിഐഎസ്‌എഫ് ഉദ്യോഗസ്ഥനായിരുന്നു. 2015 ലാണ് പരിശീലകന്‍ ജസ്വന്ത് റായിയുടെ അക്കാദമിയിൽ അര്‍ഷദീപ് ചേർന്നത്. ന്യൂസിലന്‍ഡില്‍ നടന്ന 2018 ഐസിസി അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു താരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) 37 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകള്‍ നേടി. അന്തരാഷ്ട്ര ക്രിക്കറ്റില്‍ 11 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളും ഇടം കയ്യന്‍ പേസര്‍ സ്വന്തം പേരിലാക്കി.
“രാജ്യത്തിനായി ലോകകപ്പ് മത്സരം കളിക്കുക എന്നത് ഏതൊരു കളിക്കാരനെയും പോലെ അര്‍ഷദീപിന്റേയും സ്വപ്നമായിരുന്നു. അത് സാധ്യമായി. എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ വിജയത്തിലേക്ക് സംഭാവ ചെയ്യാന്‍ അവന്‍ ശ്രമിച്ചിരുന്നു. ഇനിയും ടീമിന്റെ വിജയത്തിനായി പരിശ്രമിക്കും. വീട്ടിൽ നിന്നും ചണ്ഡിഗഡിലെ അക്കാദമി വരെ സൈക്കിളിൽ യാത്ര ചെയ്തും മഴക്കാലത്തും വേനൽക്കാലത്തും മണിക്കൂറുകൾ അവിടെ ചിലവിട്ടുമാണ് അവൻ ഇവിടെ വരെ എത്തിയത്. വിജയവും പരാജയവും കളിയുടെ ഭാഗമാണ്, ഒടുവിൽ നടന്ന മത്സരത്തിൽ ഉണ്ടായതെല്ലാം അവനെ കൂടുതൽ മികച്ചതാക്കും,” അര്‍ഷദീപിന്റെ പിതാവ് ദർശൻ സിങ് പറഞ്ഞു.
അണ്ടര്‍ 19 കിരീട നേട്ടം നേരിട്ട് കാണാന്‍ കഴിയാത്തതിന്റെ വിഷമം ട്വന്റി 20 ലോകകപ്പില്‍ മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബം.