സൂര്യകുമാര്‍ യാദവിനെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യരുതെന്ന് മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ജേതാവുമായ കപില്‍ ദേവ്. സഞ്ജു മോശം ഫോമിലൂടെ കടന്ന് പോകുമ്പോള്‍ മറ്റൊരാളെക്കുറിച്ച് സംസാരിക്കുമൊ എന്നും കപില്‍ ചോദിച്ചു.
“നന്നായി കളിച്ച താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. സൂര്യകുമാറിനെ സഞ്ജുവുമായി താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. സഞ്ജു മോശം ഫോമിലായാല്‍ നിങ്ങള്‍ മറ്റൊരാളെക്കുറിച്ച് സംസാരിക്കും,” കപില്‍ ദേവ് എബിപി ന്യൂസിനോട് പറഞ്ഞു.
“ഇത് ഒരിക്കലും സംഭവിക്കരുത്. ടീം മാനേജ്മെന്റ് സൂര്യകുമാറിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. ശരിയാണ്, ആളുകള്‍ സംസാരിക്കും, അഭിപ്രായങ്ങള്‍ പറയും. പക്ഷെ ടീം മാനേജ്മെന്റിന്റെ തീരുമാനമാണ് അന്തിമം,” കപില്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഒരു റണ്‍സ് പോലും നേടാന്‍ സൂര്യകുമാറിന് കഴിഞ്ഞിരുന്നില്ല. മൂന്ന് കളികളിലും ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. ഫോമിലല്ലാത്ത താരത്തെ പുറത്താക്കിയാല്‍ അത് അയാളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് മുന്‍ താരങ്ങളുടേയും അഭിപ്രായം.
“മത്സരം കഴിഞ്ഞ ശേഷം സംസാരിക്കാന്‍ എളുപ്പമാണ്. മൂന്നാം ഏകദിനത്തില്‍ സൂര്യകുമാറിനെ ഏഴാമതായി ഇറക്കിയത് ഫിനിഷറിന്റെ റോള്‍ നല്കുന്നതിനാകാം. ഇത് ഏകദിനത്തില്‍ ഒരു പുതിയ കാര്യമല്ല, ഇതിന് മുന്‍പും സംഭവിച്ചിട്ടുണ്ട്,” കപില്‍ വ്യക്തമാക്കി.
11 ഏകദിനങ്ങള്‍ മാത്രം കളിച്ച സഞ്ജു 66 ശരാശരിയില്‍ 330 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് അര്‍ദ്ധ സെഞ്ചുറികളും സ്വന്തം പേരിലുണ്ട്. മറുവശത്ത് സൂര്യകുമാറാകട്ടെ 22 ഏകദിനങ്ങളില്‍ നിന്ന് എടുത്തത് 433 റണ്‍സ്. ശരാശരിയാകട്ടെ കേവലം 25.47.