ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കരിയര്‍ തുടങ്ങിയത് മുതല്‍ എം. എസ്. ധോണിയുമായുള്ള താരതമ്യവും ആരംഭിച്ചതാണ്. ധോണി വിരമിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പന്തിനെ വിടാതെ തുടരുകയാണിത്. എന്നാല്‍ ഇതിനെല്ലാം വിപരീതമായാണ് ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ അഭിപ്രായം.
“പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുത്. ധോണിക്ക് വളരെയധികം അനുഭവപരിചയമുണ്ട്. ഐപിഎൽ, ടെസ്റ്റ്, ഏകദിനം എന്നിവയിൽ 500 ലധികം മത്സരങ്ങളിൽ നായകനായിരുന്നു. അതിനാൽ തന്നെ പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നത് ന്യായമല്ല,” ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ റിഷഭ് പന്ത് ഐപിഎല്ലിലും തിരിച്ചടി നേരിട്ടിരുന്നു. 151 പ്രഹരശേഷിയില്‍ 341 റണ്‍സ് നേടിയെങ്കിലും ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകാന്‍ താരത്തിന്റെ സംഭാവനയ്ക്ക് കഴിഞ്ഞില്ല. നിരവധി മത്സരങ്ങളില്‍ മികച്ച തുടക്കം പന്തിന് ലഭിച്ചിരുന്നെങ്കിലും വലിയൊരു സ്കോറിലേക്ക് എത്തിക്കുന്നതില്‍ താരം പരാജയപ്പെട്ടിരുന്നു.
ഐപിഎല്ലില്‍ പന്തിന്റെ ക്യാപ്റ്റന്‍സിക്കും വിമര്‍ശനം നേരിടേണ്ടി വന്നു. പല കളികളിലും പന്തിന്റെ തീരുമാനങ്ങള്‍ തെറ്റാവുകയും ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍വിയിലേക്ക് വീഴുകയും ചെയ്തു. സീസണില്‍ ഏഴ് മത്സരം മാത്രം വിജയിച്ച ഡല്‍ഹി പ്ലെ ഓഫ് കാണാതെ പുറത്തായിരുന്നു. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ പരാജയമാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്.