ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായാണ് സൗരവ് ഗാംഗുലിയെ കണക്കാക്കുന്നത്. കളത്തിനകത്തും പുറത്തും ഗാംഗുലിയുടെ മികവ് വാഴ്ത്തപ്പെട്ടിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ് എന്നിവരോട് ഒരിക്കലും മത്സരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി.
“ഒരു ക്യാപ്റ്റനാകുന്നതും നേതാവാകുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരു ക്യാപ്റ്റനാകുമ്പോള്‍ മുതിര്‍ന്ന താരങ്ങളെ കൈകാര്യം ചെയ്യണം, യുവാക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കണം. ക്യാപ്റ്റൻസി, എന്നെ സംബന്ധിച്ചിടത്തോളം കളത്തില്‍ ഒരു ടീമിനെ നയിക്കുക എന്നതാണ്. മറ്റേത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ടീമിനെ കെട്ടിപ്പടുക്കുക എന്നതും,” ഗാംഗുലി വ്യക്തമാക്കി.
“അതുകൊണ്ട്, സച്ചിന്‍, അസര്‍, ദ്രാവിഡ് എന്നിവര്‍ക്കൊപ്പം കളിച്ചപ്പോള്‍ ഞാന്‍ അവരോട് മത്സരിക്കുകയായിരുന്നല്ല. പകരം, ഞാൻ അവരുമായി സഹകരിക്കുകയും ഉത്തരവാദിത്തം പങ്കിടുകയും ചെയ്തു,” ഇക്കണോമിക് ടൈംസ് ഇന്ത്യ ലീഡർഷിപ്പ് കൗൺസിൽ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.
“ക്രിക്കറ്റിന്റെ യഥാര്‍ത്ഥ പരിവര്‍ത്തനത്തിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. വ്യത്യസ്ത ചിന്താഗതിയുള്ള നിരവധി പേര്‍. കഴിവുള്ളവരുടെ കുറവ് ടീമിനില്ലെന്ന് ഞാന്‍ ആദ്യം തന്നെ മനസിലാക്കിയിരുന്നു. അവസരം ലഭിക്കാതെ കഴിവുണ്ടായിട്ട് കാര്യമില്ല. എന്റെ കീഴില്‍ നായകനാവാന്‍ മികവുള്ള ഒരുപാട് കളിക്കാരുണ്ടായിരുന്നു. അവര്‍ക്ക് അവസരമുണ്ടാക്കി നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്,” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
“കഴിവിന്റെ അടിസ്ഥാനത്തിലാണ് ടീമില്‍ ഓരോരുത്തരേയും എടുക്കുന്നത്. അവരെ നിലനിര്‍ത്തുന്നത് ആ കഴിവുകൊണ്ട് അവര്‍ക്ക് വിജയിക്കാനാണ്. എന്റെ കീഴില്‍ കളിച്ച എല്ലാവരുടേയും കരിയര്‍ എന്റെ കരിയര്‍ പോലെ തന്നെ എനിക്ക് പ്രധാനമാണ്. അവസാന ഘട്ടം വരെ എത്താന്‍ എത്രത്തോളം കഷ്ടതകളുണ്ടെന്ന് എനിക്കറിയാം,” ഗാംഗുലി വ്യക്തമാക്കി.
Also Read: യുവേഫ നേഷന്‍സ് ലീഗ്: സമനിലക്കുരുക്കില്‍ കരുത്തര്‍; പോര്‍ച്ചുഗല്‍ ഇന്ന് കളത്തില്‍