അടുത്ത 12 മാസം കൂടി കളിച്ച ശേഷം വിരമിക്കലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ചര്‍ച്ചയാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. വിരമിച്ചതിന് ശേഷം വാര്‍ണര്‍ എന്ത് ചെയ്യുമെന്നാണ് ഉയരുന്ന സംശയം. കമന്ററി ചെറിയ താത്പര്യം വാര്‍ണര്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഇക്കാര്യം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.
വാര്‍ണര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍, ചെയ്യാന്‍ ഏറ്റവും യോഗ്യമായ കാര്യം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുക എന്നതാണ്, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ട് ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ സിനിമകളോട് വളരെ താത്പര്യമുള്ള വാര്‍ണര്‍ ടിക്ടോക് വീഡിയോകളും ചെയ്യാറുണ്ട്. പ്രധാനമായും തെലുങ്ക്, ഹിന്ദി സിനിമകളുടെ ഗാനങ്ങള്‍ക്കാണ് വാര്‍ണര്‍ ചുവടുവയ്ക്കാറുള്ളത്. തെലുങ്ക് സിനിമകളിലെ ഡയലോഗുകളാണ് സിനിമാ മേഖലയില്‍ വാര്‍ണറിനെ കൂടുതലും സ്വീകാര്യനാക്കിയത്.
അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പ ദി റൈസ് എന്ന ചിത്രത്തിലെ ഡയലോഗ് പറഞ്ഞ വാര്‍ണറിനെ സഹതാരങ്ങളും പുഷ്പ ടീമും അഭിനന്ദിച്ചിരുന്നു.
സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ വലിയ ആരാധകനാണ് വാര്‍ണര്‍. മഹേഷിന്റെ പോക്കിരി എന്ന ചിത്രത്തിലെ ഡയലോഗുകളും വാര്‍ണര്‍ ടിക്ടോക് വീഡിയോയായി ചെയ്തിട്ടുണ്ട്.
നിലവില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് വാര്‍ണര്‍ പുറത്തെടുത്ത്. 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടാനും താരത്തിന് സാധിച്ചു.