മെല്‍ബണ്‍: ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ നേട്ടവുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. തന്റെ 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയാണ് താരം റെക്കോര്‍ഡ് കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 254 പന്തുകളില്‍ നിന്നായിരുന്നു ഇടം കയ്യന്‍ ബാറ്റര്‍ ഇരട്ട സെഞ്ചുറി നേടിയത്.
100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പത്താമത്തെ ബാറ്ററാണ് വാര്‍ണര്‍, രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരവും. മുന്‍ ഓസിസ് നായകന് റിക്കി പോണ്ടിങ്ങാണ് ഇതിന് മുന്‍പ് സമാന നേട്ടം കൈവരിച്ചിട്ടുള്ളത്.
അടുത്തിടെയായി ബാറ്റുകൊണ്ട് തിളങ്ങാന്‍ സാധിക്കാത്തതില്‍ വാര്‍ണര്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. സെഞ്ചുറിയോടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും വാര്‍ണറിനായി. തന്റെ ടെസ്റ്റ് കരിയറിലെ 25-ാം സെഞ്ചുറിയാണ് താരം നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ചാമത്തേതും.
2011-ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച വാര്‍ണര്‍ 8,000 റണ്‍സും പിന്നിട്ടു. നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഓസ്ട്രേലിയന്‍ ബാറ്ററാണ് വാര്‍ണര്‍.
ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയിട്ടുള്ള ബാറ്റര്‍മാരുടെ പട്ടികയില്‍ അഞ്ചാമതെത്താനും താരത്തിന് കഴിഞ്ഞു. സുനില്‍ ഗവാസ്കര്‍ (33), അലസ്റ്റിര്‍ കുക്ക് (31), മാത്യു ഹെയ്ഡന് (30), ഗ്രെയിം സ്മിത്ത് (27) എന്നിവരാണ് ഇനി വാര്‍ണര്‍ക്ക് മുന്നിലുള്ളത്.
സജീവ കളിക്കാരില്‍ ഏറ്റവുമധികം സെഞ്ചുറിയുള്ള രണ്ടാമത്തെ താരമാകാനും വാര്‍ണറായി. 45 സെഞ്ചുറികളാണ് വാര്‍ണറിന്റെ പേരിലുള്ളത്. 72 ശതകങ്ങളുള്ള ഇന്ത്യന്‍ താരം വിരാട് കോഹ്ലിയാണ് പട്ടികയുടെ തലപ്പത്ത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 45 തവണയാണ് വാര്‍ണര്‍ മൂന്നക്കം കടന്നത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിനും 45 സെഞ്ചുറിയാണ് ഓപ്പണര്‍ എന്ന നിലയിലുള്ളത്.