മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ക്ഷമ ചോദിച്ച് ക്രൗണ്‍ പെര്‍ത്ത് ഹോട്ടല്‍. കോഹ്ലി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഹോട്ടലിന്റെ നടപടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനായി ഇന്ത്യന്‍ ടീം താമസിച്ചിരുന്ന ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.
“അതിഥിയോട് ഞങ്ങള്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു, ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. സംഭവത്തിന് പിന്നിലുള്ളയാളെ പുറത്താക്കിയിരിക്കുന്നു,” ഹോട്ടല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കോഹ്ലിയുടെ ഹോട്ടല്‍ മുറിയില്‍ അനുവാദമില്ലാതെയെത്തിയ വ്യക്തി വീഡിയോ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. കിങ് കോഹ്ലിയുടെ ഹോട്ടല്‍ മുറി എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍.
കോഹ്ലിയുടെ സ്വകര്യ വസ്തുക്കളെല്ലാം വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
“ആരാധകർ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ ആവേശഭരിതരാകുന്നു എന്നത് എനിക്ക് മനസിലാകുന്ന ഒന്നാണ്. അതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കാറുമുണ്ട്. എന്നാൽ ഈ വീഡിയോ ഭയപ്പെടുത്തുന്നതാണ്, ഇത് എന്റെ സ്വകാര്യതയെക്കുറിച്ച് ആശങ്കപ്പെടുത്തുന്നു,” കോഹ്ലി പ്രതികരിച്ചു.
“എന്റെ ഹോട്ടല്‍ മുറിയില്‍ എനിക്ക് സ്വകാര്യതയില്ലെങ്കില്‍ വെറെ എവിടെയാണ് ലഭിക്കുക. ഇത്തരത്തിലുള്ള നടപടികളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും എനിക്ക് അംഗീകരിക്കാനാവില്ല. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക,” കോഹ്ലി കൂട്ടിച്ചേര്‍ത്തു.
കോഹ്ലിക്ക് നേരിട്ട ദുരനുഭവത്തില്‍ ഹോട്ടലിനെതിരെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും പ്രതികരിച്ചിരുന്നു.