അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവും വരാത്ത താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ഇന്നലെ റാഞ്ചിയില്‍ നടന്ന ന്യൂസിലന്‍ഡ് – ഇന്ത്യ ട്വന്റി 20 മത്സരം കാണാന്‍ ധോണിയുമുണ്ടായിരുന്നു. തന്റെ പത്നി സാക്ഷിക്കൊപ്പമായിരുന്നു ധോണി കളി കാണാനെത്തിയത്.
ധോണിയിലേക്ക് ക്യാമറ എത്തിയതോടെ സ്റ്റേഡിയത്തിലുണ്ടായിരുന്നു കാണികള്‍ ധോണി..ധോണി ആര്‍പ്പു വിളികള്‍ തുടങ്ങി. ധോണി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സ്റ്റോഡിയത്തിലെ എം എസ് ധോണി പവലിയനേക്കായി ക്യാമറയുടെ കണ്ണുകള്‍. ഇതോടെ ആരാധക ശബ്ദം ഒന്നു കൂടി ഉയരുന്ന കാഴ്ചയായിരുന്നു കണ്ടത്.
മത്സരത്തിന് മുന്‍പ് ധോണി ഇന്ത്യന്‍ താരങ്ങളെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലിപുമായും ധോണി സമയം പങ്കിട്ടു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ധോണിയെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ധോണിയുടെ വിന്റേജ് ബൈക്കില്‍ ഇരുവരും ഇരിക്കുന്ന ചിത്രവും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
ഇന്നലെ നടന്ന ആദ്യ ട്വന്റി 20-യില്‍ ഇന്ത്യ 21 റണ്‍സിനാണ് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് എടുത്തത്. ഡവണ്‍ കോണ്‍വെ (52), ഡാരില്‍ മിച്ചല്‍ (59) എന്നിവരുടെ പ്രകടനമാണ് കിവികള്‍ക്ക് തുണയായത്.
മറുപടി ബാറ്റിങ്ങില്‍ 155 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. വാഷിങ്ടണ്‍ സുന്ദര്‍ (50), സൂര്യകുമാര്‍ യാദവ് (47) എന്നിവരൊഴികെ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാതെ പോയി. നാല് ബാറ്റര്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.