scorecardresearch

ദക്ഷിണാഫ്രിക്കക്കെതിരെ കാര്യവട്ടത്ത് കത്തിക്കയറി പേസര്‍മാര്‍

ദീപക് ചഹര്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കാണ് വിക്കറ്റ്

ദക്ഷിണാഫ്രിക്കക്കെതിരെ കാര്യവട്ടത്ത് കത്തിക്കയറി പേസര്‍മാര്‍

ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി ദീപക് ചഹറിനാണ് വിക്കറ്റ്. തെംബ ബവൂമ, (0) ആണ് പുറത്തായത്. ശേഷം രണ്ടാമത്തെ ഓവറില്‍ അര്‍ഷദീപ് സിങ് ഡിക്കോക്ക്(1)നെയും പുറത്താക്കി. ഇതേ ഓവറില്‍ അവസാനത്തെ രണ്ട് പന്തുകളില്‍ റിലീ റൂസോ(0),ഡേവിഡ് മില്ലര്‍(0) എന്നിവരെ പുറത്താക്കി അര്‍ഷദീപ് സിങ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചു. തന്റെ രണ്ടമത്തെ ഓവറില്‍ ദീപക് ചഹര്‍ അഞ്ചാമനെയും പുറത്താക്കി എതിരാളികളുടെ ബാറ്റിങ് നിരയുടെ പതനം ഉറപ്പാക്കി. ഇത്തവണ പുറത്തായത് ടിസ്റ്റന്‍ സറ്റബ്‌സ്(0) ആയിരുന്നു.നാലോവര്‍ പൂര്‍ത്തിയാകുമ്പോള്‍ 26 ന് അഞ്ച് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. പീന്നീട് എട്ടാം ഓവറില്‍ മക്രത്തെ(25) പുറത്താക്കിയ ഹര്‍ഷല്‍ പട്ടേല്‍ 16 മത്തെ ഓവറില്‍ വെയനെ(24)യും പുറത്താക്കി.

ഓസ്ട്രേലിയയ്ക്കെതിരേ കളിച്ച ടീമില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയും യൂസ്വേന്ദ്ര ചാഹലും ഹാര്‍ദിക്ക് പാണ്ഡ്യയും ഭുവനേശ്വറും ടീമിലില്ല. ഋഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.

ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിങ്‌.

ടീം ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്, തെംബ ബവൂമ, റിലീ റൂസോ, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, വെയ്ന്‍ പാര്‍നല്‍, കഗിസോ റബാദ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്യെ, തബ്‌റൈസ് ഷംസി

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാനത്തെ ട്വന്റി 20 പരമ്പരയാണിത്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും പരമ്പര നിര്‍ണായകമാണ്.

ഓസ്ട്രേലിയയ്ക്കതിരായ പരമ്പരയിലെ ഉജ്വല വിജയങ്ങളുടെ ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ ഇറങ്ങുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളി തോറ്റതിന് ശേഷമായിരുന്നു വമ്പന്‍ തിരിച്ചുവരവിലൂടെ രോഹിത് ശര്‍മയും കൂട്ടരും കിരീടം സ്വന്തമാക്കിയത്. ബാറ്റിങ് മികവായിരുന്നു ടീമിന് തുണയായത്.

ഓരോ മത്സരങ്ങളിലും വ്യത്യസ്ത താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നു എന്നതാണ് ഇന്ത്യയുടെ പോസിറ്റീവ്. ബാറ്റിങ്ങില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മികച്ച സ്കോര്‍ കണ്ടെത്തി. ഫിനിഷിങ് റോളില്‍ ദിനേഷ് കാര്‍ത്തിക്കും തിളങ്ങിയിരുന്നു.

എന്നാല്‍ മറുവശത്ത് ബോളിങ്ങിലേക്കെത്തിയാല്‍ ഇന്ത്യയ്ക്ക് ആശങ്കപ്പെടാന്‍ ഏറെയുണ്ട്. അക്സര്‍ പട്ടേല്‍ മാത്രമാണ് സ്ഥിരതയോടെ പന്തെറിയുന്നത്. അവസാന ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കുന്നതില്‍ പേര് കേട്ട ബോളര്‍മാരാണ് ജസ്പ്രിത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍. എന്നാല്‍ ഇത്തവണ മൂവര്‍ സംഘം ഫോമിലല്ല.

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മൂന്ന് ബോളര്‍മാര്‍ക്കും കണക്കിന് പ്രഹരം ലഭിച്ചു. ട്വന്റി 20 ചരിത്രത്തിലാദ്യമായി ബുംറ നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങി. നിര്‍ണായക ഓവറുകളില്‍ ഹര്‍ഷലും ഭുവിയും 15-25 ഇടയില്‍ റണ്‍സ് വിട്ടുകൊടുക്കുന്നുണ്ട്. ആദ്യ മത്സരത്തിലെ തോല്‍വിയുടെ പ്രധാന കാരണമിതായിരുന്നു.

മത്സരത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പരിശീലനത്തിനായി ആറ് പിച്ചുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. മത്സരത്തിനായി മൂന്ന് പ്രധാന പിച്ചുകളുമുണ്ട്. ബാറ്റര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന പിച്ചാണ് തയാറാക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. നാലു ടവറുകളിലായി എട്ട് ഫ്‌ളഡ് ലൈറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്.

നാലാമത്തെ അന്താരാഷ്ട്ര മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷിയാകുന്നത്. നേരത്തെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും ഇന്ത്യ വിജയിച്ചു. ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരെയായിരുന്നു. മഴമൂലം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

രണ്ടാം മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനമായിരുന്നു. ബോളിങ് മികവില്‍ വിന്‍ഡീസിനെ 104 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കായി. അനായാസമായിരുന്നു ഇന്ത്യന്‍‍ ജയം. എന്നാല്‍ 2019-ല്‍ വിന്‍ഡീസിനെതിരായ ട്വന്റി 20 യില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Confident india to take south africa in first t20i