ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍. ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യയക്കെതിരായ എകദിന-ടെസ്റ്റ് പരമ്പരകള്‍ക്ക് പിന്നാലെ വിരമിക്കുമെന്നാണ് ക്രിസ് ഗെയില്‍ അറിയിച്ചിരിക്കുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരകളോടെ കളി മതിയാക്കാനാണ് ആഗ്രഹമെന്ന് താരം പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തോടെ കളി മതിയാക്കിയ ഇതിഹാസ താരങ്ങളായ സ്റ്റീവ് വോ, ജാക്വസ് കാലിസ് എന്നിവരുടെ പിന്‍ഗാമിയായി മാറും ഇതോടെ ക്രിസ് ഗെയില്‍. സ്വന്തം നാടായ കിങ്‌സ്റ്റണിലായിരിക്കും ഗെയിലിന്‍രെ അവസാന കളിയെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റ് മത്സരമായിരിക്കും ഇത്.

ലോകകപ്പിന് പിന്നാലെ വിരമിക്കുമെന്നായിരുന്നു നേരത്തെ ഗെയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഗെയില്‍ താന്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് പിന്നാലെ വിരമിക്കുമെന്ന് വ്യക്തമാക്കിയത്. തന്റെ മനസ് മാറിയെന്നാണ് താരം പറയുന്നത്.

”ഇത് അവസാനമല്ല. എനിക്ക് ഇനിയും കളിക്കാനാകും. ചിലപ്പോള്‍ ഒരു പരമ്പര കൂടെ.ആര്‍ക്കറിയാം എന്താണ് സംഭവിക്കുന്നതെന്ന്” ഗെയില്‍ പറഞ്ഞു. ”ചിപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് കളിക്കും. ഏകദിനവും കളിക്കും. പക്ഷെ ടി20 കളിക്കില്ല. അതാണ് ലോകകപ്പ് കഴിഞ്ഞുള്ള എന്റെ പ്ലാന്‍” താരം പറയുന്നു.

പിന്നാലെ വിന്‍ഡീസ് ക്രിക്കറ്റ് ടീം മീഡിയ മാനേജര്‍ ഫിലിപ്പ് സ്പൂണറും വിരമിക്കുന്നത് ഇന്ത്യയ്‌ക്കെതിരായ മത്സരത്തോടെയാകുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഓഗസ്റ്റിലാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ടിനാണ് ആദ്യ ഏകദിനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook