ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി സൗരവ്‍ ഗാംഗുലി. എല്ലാ കാലത്തും ഭരണാധികാരിയായി തുടരാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. 1983 ക്രിക്കറ്റ് ലോകകപ്പ് ജേതാവായ റോജര്‍ ബിന്നിയായിരിക്കും ഗാംഗുലിയുടെ സ്ഥാനത്തെത്തുക എന്നാണ് സൂചനകള്‍.
“നിങ്ങള്‍ക്ക് എല്ലാ കാലത്തും കളി തുടരാനാകില്ല. എല്ലാകാലത്തും ഭരണാധികാരിയായി തുടരാനും കഴിയില്ല. എന്നാല്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളുടേയും ഭാഗമാകാന്‍ എനിക്ക് സാധിച്ചു,” ബന്ധന്‍ ബാങ്കിന്റെ പരിപാടിയില്‍ ഗാംഗുലി പറഞ്ഞു.
“ഞാന്‍ ഒരു ക്രിക്കറ്റ് ഭരണാധികാരിയായിരുന്നു. ക്രിക്കറ്റില്‍ നിരവധി സംഭവവികാസങ്ങള്‍ നടക്കുന്നതിനാല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ഒരുപാട് പണവുമുള്ള മേഖലയാണ്. വനിതാ ക്രിക്കറ്റുണ്ട്, പ്രാദേശിക ക്രിക്കറ്റുണ്ട്. ഒരു വ്യക്തിയെന്ന നിലയിലും നിലപാടുകള്‍ എടുക്കേണ്ടി വരും,” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് ഭരണസമിതിയിലേക്ക് ഗാംഗുലി ആദ്യം എത്തുന്നത് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായാണ്. ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തോടെ അസോസിയേഷന്റെ തലപ്പത്തേക്ക് 2015-ല്‍ ഗാംഗുലി എത്തി.
“വിജയത്തിലേക്കെത്താന്‍ നിങ്ങളുട ജീവിതവും സമയവും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ചെലവഴിക്കേണ്ടി വന്നേക്കാം. ഇതാണ് എന്റെ ജോലി, ജീവിതം എന്ന് ഉറപ്പിച്ച് നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍ പിന്നീട് നല്ലത് മാത്രമായിരിക്കും സംഭവിക്കുന്നത്,” ഗാംഗുലി പറഞ്ഞു.
ബിസിസിഐ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തെക്കുറിച്ചും മുന്‍താരം പങ്കുവച്ചു.
“ഞാന്‍ ശരിക്കും ആസ്വദിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷം പരിശോധിക്കുകയാണെങ്കില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ചു. കോവിഡിനിടയിലും ഐപിഎല്‍ നടന്നു. പ്രതിസന്ധി ഘട്ടത്തില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. സംപ്രേഷണാവകാശം റെക്കോര്‍ഡ് ഉയര്‍ച്ചയിലെത്തി.”
“അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ടീം സ്വര്‍ണ നേടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അവര്‍ക്ക് വെള്ളി നേടാനായി. ഇതെല്ലാം എന്നെ സംബന്ധിച്ച് അതുല്യമായ നിമിഷങ്ങളാണ്.”
“വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും മികച്ച പ്രകടനം ഇന്ത്യക്ക് നടത്താന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരുപാട് കഴിവും പവറും ക്ലാസുമുള്ള താരങ്ങള്‍ ടീമിലുണ്ട്. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുകയാണ്,” ഗാംഗുലി പറഞ്ഞു. ഒരു ഭരണാധികാരി എന്നതിനേക്കാള്‍ വെല്ലുവിളികള്‍ ഉള്ളത് കളിക്കാരന്‍ എന്ന നിലയിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.