scorecardresearch
Latest News

രണ്ട് മോശം ഇന്നിങ്സിന്റെ പേരില്‍ രാഹുലിനെ തഴയാനാവില്ലെന്ന് ബാറ്റിങ് പരിശീലകന്‍

ട്വന്റി 20 ലോകകപ്പില്‍ ഇതുവരെ രണ്ടക്കം കടക്കാന്‍ രാഹുലിനായിട്ടില്ല

രണ്ട് മോശം ഇന്നിങ്സിന്റെ പേരില്‍ രാഹുലിനെ തഴയാനാവില്ലെന്ന് ബാറ്റിങ് പരിശീലകന്‍

മെല്‍ബണ്‍: രണ്ട് മത്സരങ്ങളിലെ പരാജയം കൊണ്ട് കെ എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുന്നോടിയാണ് വിക്രത്തിന്റെ പ്രതികരണം.

ട്വന്റി 20 ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ഓപ്പണര്‍ പരാജയപ്പെട്ടിരുന്നു. പാക്കിസ്ഥാനെതിരെ ഒരു റണ്‍സ് മാത്രമാണ് നേടിയത്, നെതര്‍ലന്‍ഡ്സിനെതിരെ 12 പന്തില്‍ ഒന്‍പത് റണ്‍സുമാണ് വലം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം.

രാഹുലിന്റെ പരാജയം റിഷഭ് പന്തിന് വഴി തെളിക്കുമോ എന്ന ചോദ്യത്തിന് അത്തരം ചിന്തകളിലേക്ക് പോയിട്ടില്ലെന്നായിരുന്നു വിക്രത്തിന്റെ മറുപടി. രോഹിതുമൊത്ത് ഓപ്പണിങ്ങില്‍ പന്ത് നിരവധി തവണ തിളങ്ങിയിട്ടുണ്ട്.

രാഹുല്‍ പരിശീലന മത്സരത്തിലടക്കം നന്നായി ബാറ്റ് ചെയ്തെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിക്രത്തിന്റെ വാക്കുകള്‍. ബാറ്റിങ് ഓര്‍ഡറില്‍ ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിഷഭ് പന്ത് മികച്ച താരമാണെങ്കിലും ദിനേഷ് കാര്‍ത്തിക്കിനൊപ്പം ടീമില്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്നും ബാറ്റിങ് പരിശീകന്‍ പറഞ്ഞു. പ്രത്യേകിച്ചും കാര്‍ത്തിക്കിന് ഫിനിഷറിന്റെ റോള്‍ നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍.

വിരാട് കോഹ്ലി സാഹചര്യത്തിന് അനുസരിച്ച് കളിയില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും വിക്രം പറഞ്ഞു.

“സാഹചര്യത്തിന് അനുസരിച്ച് ശൈലിയില്‍ മാറ്റം വരുത്താന്‍ കഴിവുള്ള താരമാണ് കോഹ്ലി. നിരവധി തവണ അദ്ദേഹം അത് ചെയ്തിട്ടുണ്ട്. ഇനിയും അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമെന്ന നിലയിലും അതിന് തന്നെയാണ് ശ്രമിക്കുന്നത്. എല്ലാ വിക്കറ്റുകളും 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ സാധിക്കുന്നവയല്ല,” വിക്രം കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Cant drop kl rahul on basis of two bad innings says batting coach