ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 യില്‍ ഇന്ത്യയ്ക്കായി ബാറ്റുകൊണ്ട് തിളങ്ങിയത് ഓപ്പണര്‍ ഇഷാന് കിഷനായിരുന്നു. മോശം ഐപിഎല്ലിന് പിന്നാലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ 48 പന്തില്‍ 76 റണ്‍സാണ് താരം നേടിയത്. രോഹിത് ശര്‍മ, കെ. എല്‍ രാഹുല്‍ എന്നീ മുതിര്‍ന്ന താരങ്ങളുടെ അഭാവത്തിലാണ് കിഷാന് അവസരമൊരുങ്ങിയത്. എന്നാല്‍ രോഹിതിനേയും രാഹുലിനേയും കുറിച്ച് ഇഷാന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
“രോഹിത് ശര്‍മയും കെ. എല്‍. രാഹുലും ലോകോത്തര താരങ്ങളാണ്. അവര്‍ ടീമിലുള്ളപ്പോള്‍ എന്റെ പിന്തുണയുടെ ആവശ്യമില്ല. പരിശീലന സമയത്ത് മികവ് കാണിക്കുക എന്നതാണ് എനിക്ക് ചെയ്യാന്‍ കഴിയുന്നത്. എനിക്ക് അവസരം ലഭിക്കുമ്പോള്‍ ടീമിനായി നല്ല പ്രകടനം കാഴ്ചവയ്ക്കുക എന്നതാണ് ലക്ഷ്യം,” ഇഷാന് മത്സരശേഷം പറഞ്ഞു.
“അവര്‍ നിരവധി കാര്യങ്ങള്‍ ചെയ്തു. രാജ്യത്തിന് വേണ്ടി ഒരുപാട് റണ്‍സ് നേടി. അവരെ ഒഴിവാക്കി എന്നെ കളിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ സാധിക്കില്ല. ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. ബാക്കിയെല്ലാം സെലക്ടര്‍മാരുടേയും പരിശീലകരുടേയും കയ്യിലാണ്,” ഇഷാന് കൂട്ടിച്ചേര്‍ത്തു.
“ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിയില്‍ ബോളര്‍മാരെ പഴിക്കാന്‍ ഇഷാന് തയാറായില്ല. എന്തൊക്കെ തെറ്റുകളാണ് പറ്റിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. ആരുടെയും വ്യക്തിപരമായ പിഴവല്ല തോല്‍വിയിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ കൂട്ടായ് തന്നെ എല്ലാം പരിശോധിക്കും,” ഇഷാന് വ്യക്തമാക്കി.
ഇഷാന് കിഷന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 211 റണ്‍സാണ് നിശ്ചിത ഓവറില്‍ ഇന്ത്യ നേടിയത്. എന്നാല്‍ 46 പന്തില്‍ 75 റണ്‍സെടുത്ത റസി വാന്‍ ഡര് ഡ്യൂസണ്‍, 31 പന്തില്‍ 64 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമാക്കി. ട്വന്റി 20 ചരിത്രത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇത്രയും ഉയര്‍ന്ന സ്കോര്‍ പിന്തുടര്ന്ന് വിജയിക്കുന്നത്.
Also Read: യുവേഫ നേഷന്‍സ് ലീഗ്: പോര്‍ച്ചുഗലിനും സ്പെയിനും ജയം; സ്വീഡന് തോല്‍വി