15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ് യുവരാജ് സിങ്ങിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. അത് ടെസ്റ്റ് ക്രിക്കറ്റിലും ആവര്‍ത്തിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തവണ യുവരാജ് അല്ല. ഇന്ത്യയുടെ പുതിയ നായകന്‍ ജസ്പ്രിത് ബുംറയായിരുന്നു ബ്രോഡിനെ അതിര്‍ത്തി കടത്തിയത്. അതും ലോകറെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ട്.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിലായിരുന്നു റെക്കോര്‍ഡ് പിറന്നത്. പത്താമനായി ക്രീസിലെത്തിയ ബുംറയ്ക്കെതിരെ 84-ാം ഓവറെറിയാനാണ് ബ്രൊഡെത്തിയത്. നാല് ഫോറും രണ്ട് സിക്സുമടക്കം 35 റണ്‍സാണ് ഓവറില്‍ പിറന്നത്. ഇതിനിടയില്‍ ബ്രോഡ് ഒരു നോ ബോള്‍ എറിഞ്ഞതും വൈഡ് ബൗണ്ടറി വഴങ്ങിയതും ഇന്ത്യയ്ക്ക് തുണയായി.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ബോളര്‍ എന്ന റെക്കോര്‍ഡ് ബ്രോഡിന്റെ പേരിലുമായി. ഇതിന് മുന്‍പ് ബ്രെയന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), ജോര്‍ജ് ബെയ്ലി (ഓസ്ട്രേലിയ), മഹരാജ് (ദക്ഷിണാഫ്രിക്ക) എന്നിവര്‍ ഒരു ഓവറില്‍ 28 റണ്‍സ് വീതം നേടിയിട്ടുണ്ട്. പീറ്റേഴ്സണ്‍ (ദക്ഷിണാഫ്രിക്ക), ജെയിംസ് ആന്‍ഡേഴ്സണ്‍ (ഇംഗണ്ട്), ജോ റൂട്ട് (ഇംഗ്ലണ്ട്) എന്നിവരായിരുന്നു യഥാക്രമം ബോളര്‍മാര്‍.
അതേസമയം, ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 416 റണ്‍സെടുത്തു. റിഷഭ് പന്ത് (146), രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സാണ് ഇന്ത്യ ചേര്‍ത്തത്. പുറത്താകാതെ 16 പന്തില്‍ 31 റണ്‍സെടുത്ത ബുംറയുടെ പ്രകടനവും നിര്‍ണായകമായി.
Also Read: ബൗളറെ നോക്കാറില്ല, ശ്രദ്ധ അയാളുടെ ബോളിലേക്ക് മാത്രം: റിഷഭ് പന്ത്