ഇന്ത്യയുടെ സ്റ്റാര്‍ ബോളര്‍ ജസ്പ്രിത് ബുംറ ഇതുവരയും പരുക്കില്‍ നിന്ന് മോചിതനായിട്ടില്ല. ട്വന്റി 20 ലോകകപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ടൂര്‍ണമെന്റുകള്‍ താരത്തിന് ഇതിനോടകം തന്നെ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് വലം കയ്യന്‍ പേസ് ബോളര്‍ക്ക് പരുക്ക് പറ്റിയത്.
പരുക്ക് വേട്ടയാടുന്ന പശ്ചാത്തലത്തില്‍ കരിയറില്‍ മുന്നോട്ട് പോകാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണോ അല്ലെങ്കില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് ചുരുങ്ങണമോയെന്ന് ബുംറ തീരുമാനിക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസ പേസര്‍ ജെഫ് തോംസണ്‍.
“ഒരു വര്‍ഷം മുഴുവന്‍ ഇപ്പോഴത്തെ താരങ്ങള്‍ ക്രിക്കറ്റ് കളിക്കും. ഞങ്ങള്‍ അങ്ങനെ ചെയ്തിരുന്നില്ല. സീസണുകളിലായിരുന്നു കളി. ശൈത്യകാലത്ത് ഇംഗ്ലണ്ടിലേക്ക് പോവുമായിരുന്നു. നാലര മാസത്തോളം നീണ്ടു നില്‍ക്കുന്ന പര്യടനമായിരുന്നു. പിന്നീട് വേനല്‍ക്കാലത്താണ് കളികള്‍,” തോംസണെ ഉദ്ധരിച്ചുകൊണ്ട് റേവ്സ്പോര്‍ട്ട്സ് റിപ്പോര്‍ട്ട് ചെയ്തു.
“ഇപ്പോള്‍ അങ്ങനെയല്ല. അതിനാലാണ് ടീമുകള്‍ പകരക്കാരെ കാത്തു സൂക്ഷിക്കുന്നത്. ഞങ്ങളുടെ കാലത്ത് വിശ്രമം തിരഞ്ഞെടുത്താല്‍ ടീമിലെ സ്ഥാനം മറ്റാരെങ്കിലും കൊണ്ടു പോകുമെന്ന അവസ്ഥ നിലനിന്നിരുന്നു. 12 മാസവും കളിക്കുന്നതിനാല്‍ ഇക്കാലത്ത് വിശ്രമം അനിവാര്യമാണ്,” തോംസണ്‍ കൂട്ടിച്ചേര്‍ത്തു.
“ഏത് ഫോര്‍മാറ്റ് കളിക്കണമെന്നതില്‍ ബുംറ തീരുമാനമെടുക്കണം. ഞാന്‍ ഇപ്പോള്‍ ക്രിക്കറ്റിലുണ്ടായിരുന്നെങ്കില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുക എന്നത് ബുദ്ധിമുട്ടായേനെ. പ്രത്യേകിച്ചു നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഒരുപാട് പണവും നീണ്ട കരിയറും ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍. ഞങ്ങളുടെ കാലത്ത് പണം തന്നെ ഇല്ലായിരുന്നു. ഇപ്പോള്‍ ക്രിക്കറ്റ് വ്യവസായമായി മാറി,” അദ്ദേഹം വ്യക്തമാക്കി.
“നിങ്ങളെ നോക്കാന്‍ മറ്റാരുമുണ്ടാകില്ല. അതുകൊണ്ട് തന്നെ ജോലിഭാരം ക്രമീകരിക്കാന്‍ തയാറാകണം. നിങ്ങള്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കില്‍ എന്തായാലും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. അതിനാല്‍ സൂക്ഷ്മമായി കരിയര്‍ മുന്നോട്ട് കൊണ്ടു പോകണം,” തോംസണ്‍ വിശദീകരിച്ചു.