scorecardresearch
Latest News

സൂപ്പര്‍മാനായി സ്റ്റോക്ക്സ്; ഒന്നൊന്നര സേവെന്ന് ആരാധകര്‍, വീഡിയോ

12-ാം ഓവറിലായിരുന്നു ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ നിമിഷം

സൂപ്പര്‍മാനായി സ്റ്റോക്ക്സ്; ഒന്നൊന്നര സേവെന്ന് ആരാധകര്‍, വീഡിയോ

ഒരു വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് അന്താരാഷ്ട്ര ട്വന്റി 20-യിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കരിയര്‍ ലക്ഷ്യമിട്ട് സ്റ്റോക്ക്സ് കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ സ്റ്റോക്ക്സിന് സാധിച്ചില്ലെങ്കിലും ബോളുകൊണ്ട് ടീമിന് സംഭാവന നല്‍കാനായിട്ടുണ്ട്.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഫീല്‍ഡിങ്ങിലെ മിന്നും പ്രകടനം കൊണ്ടായിരുന്നു താരം ശ്രദ്ധ നേടിയത്. 12-ാം ഓവറിലായിരുന്നു ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ നിമിഷം. സാം കറണിന്റെ ഓവറില്‍ ലോങ് ഓഫിന് മുകളിലൂടെ ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ് സിക്സ് പായിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബൗണ്ടറി കടക്കുമെന്ന് തോന്നിച്ച പന്ത് അതിസാഹസികമായി സ്റ്റോക്ക്സ് തടഞ്ഞിട്ടു.

പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും സ്റ്റോക്ക്സ് ബൗണ്ടറി ലൈൻ കടന്നു. പക്ഷെ പന്ത് മൈതാനത്തിന്റെ അകത്തേക്കെറിഞ്ഞ് താരം ബൗണ്ടറി പോകുന്നത് തടഞ്ഞു. രണ്ടാം ട്വന്റി 20-യിലും വിജയം നേടിയ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. 49 പന്തില്‍ 82 റണ്‍സ് എടുത്ത ഡേവിഡ് മലന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 27 പന്തില്‍ 44 റണ്‍സുമായി മൊയിന്‍ അലി മലന് മികച്ച പിന്തുണയും നല്‍കി. ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസ് മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിങ്സ് 170 ല്‍ അവസാനിച്ചു. മിച്ചല്‍ മാര്‍ഷ് 45(29), ടിം ഡേവിഡ് 40 (23) എന്നിവരുടെ പോരാട്ടം വിഫലമായി. ഇംഗ്ലണ്ടിനായി സാം കറണ്‍ മൂന്ന് വിക്കറ്റെടുത്തു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ben stokess incredible fielding effort video

Best of Express