ക്രൈസ്റ്റ് ചർച്ച്: ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ബെൻ സ്റ്റോക്സിനെ ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരത്തിന് നാമനിർദേശം ചെയ്തു. ലോകകപ്പിൽ സൂപ്പർ ഓവർ വരെയെത്തിയ ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത് ന്യൂസിലൻഡ് വംശജനായ ബെൻ സ്റ്റോക്സ് ആണ്.
ജനിച്ച രാജ്യത്തെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ കൂട്ടു നിന്നയാള്‍ക്ക് രാജ്യം തന്നെ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തത് അപൂര്‍വ സംഭവമായി മാറി. ഇംഗ്ലണ്ട് ജയിച്ച ഫൈനലില്‍ സ്റ്റോക്സ് തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്. 12-ാം വയസില്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ സ്റ്റോക്സിനെ ഇപ്പോഴും സ്വന്തം രാജ്യക്കാരനായാണ് കിവികള്‍ കാണുന്നത്.
Read More: ‘ആ ആറ് റണ്‍സിന് ജീവിതകാലം മുഴുവന്‍ ഞാന്‍ ഖേദിക്കും’; ബെന്‍ സ്റ്റോക്സ്
ബെൻ സ്റ്റോക്സിനും കെയ്ൻ വില്യംസണിനും നിരവധി നാമനിർദേശം ലഭിച്ചതായി പുരസ്കാര സമിതി മേധാവി കാമറോൺ ബെന്നറ്റ് പറഞ്ഞു. ബെൻ സ്റ്റോക്സ് ന്യൂസിലൻഡിന് വേണ്ടി കളിക്കുന്നില്ലെങ്കിലും അദ്ദേഹം ജനിച്ചത് ക്രൈസ്റ്റ് ചർച്ചിലാണ്. മാതാപിതാക്കൾ ജീവിക്കുന്നതും ഇവിടെയാണ് -ബെന്നറ്റ് പറഞ്ഞു. തങ്ങള്‍ക്ക് അഭിമാനം പകരുന്നതാണ് അദ്ദേഹത്തിന്റെ പ്രകടനമെന്നാണ് ന്യൂസിലൻഡുകാരുടെ വാദം.
ബെൻ സ്റ്റോക്സിനെ കൂടാതെ ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ വില്യംസണിനെയും അവാർഡിന് നാമനിർദേശം ചെയ്തിട്ടുണ്ട്. 2019 ലോകകപ്പ് ക്രിക്കറ്റിലെ മാന്‍ ഓഫ് ദ സീരീസ് പുരസ്കാരം നേടിയ വില്യംസണ്‍ സ്റ്റോക്സിന് കടുത്ത എതിരാളിയാണ്. ക്രൈസ്റ്റ് ചർച്ച് വെടിവയ്പ് അതിജീവിച്ച അബ്ദുൽ അസീസും പട്ടികയിലുണ്ട്.