സ്റ്റാന്റ് അപ്പ് രംഗത്ത് സൂപ്പര്‍ താരമാണ് ഹസന് മിനാജ്. നെറ്റ് ഫ്ളിക്സിലെ മിനാജിന്റെ ‘പാട്രിയോറ്റ് ആക്ട്’ ഇന്ന് ഏറെ ജനപ്രീതിയിലുള്ള ഷോയാണ്. കോമഡിയോടൊപ്പം സമകാലിക രാഷ്ട്രീയ വിഷയങ്ങളും അവതരിപ്പിക്കുന്നുവെന്നതാണ് മിനാജിനെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ മാസം അവതരിപ്പിച്ച ‘ഇന്ത്യന്‍ തിരഞ്ഞെടുപ്പ്’ എന്ന എപ്പിസോഡാണ് ഹസനെ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. ഇന്ത്യന്‍ വംശജനായ മിനാജിന്റെ ഏറ്റവും പുതിയ എപ്പിസോഡും ഇന്ത്യയെ കുറിച്ചുള്ളതാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ക്രിക്കറ്റാണ് ഇത്തവണ മിനാജിന്റെ വിഷയം. ”ക്രിക്കറ്റ് അഴിമതി’ എന്ന് എപ്പിസോഡില്‍ ബിസിസിഐയേയും ഐപിഎല്ലിനേയുമാണ് ഹസന് ലക്ഷ്യം വയ്ക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും ശക്തരായ ബിസിസിഐയെ കടന്നാക്രമിക്കുന്ന പരിപാടിയില്‍ ഐപിഎല്ലിന്റെ മുന്‍ ചെയര്മാന് ലളിത് മോദിയുമായുള്ള അഭിമുഖവുമുണ്ട്.
്ക്രിക്കറ്റിന് ഇന്ത്യയിലുള്ള ജനപ്രീതിയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ഹസന് ആരംഭിക്കുന്നത്. ക്രിക്കറ്റ് കളിക്കാത്ത അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും ഹസന് തുടക്കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ കുറേ കാലമായി ബിസിസിഐ എങ്ങനെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയായ ഐസിസിയെ പോലും നിയന്ത്രിക്കുന്നതെന്നും ലോകത്ത് ക്രിക്കറ്റില്‍ നിന്നുമുള്ള വരുമാനത്തിന്റെ 70 ശതമാനവും ഇന്ത്യയാണ് നേടുന്നതെന്നും ഹസന് പറയുന്നു. ആരോപണങ്ങള്‍ക്കെല്ലാം വ്യക്തമായ തെളിവുകള്‍ ഹാജരാക്കി കൊണ്ടാണ് ഹസന്റെ അവതരണം.
Read More: കടുവയെ പിടിച്ച കിടുവ! ഇംഗ്ലീഷ് വാക്കുകളുടെ അര്‍ത്ഥം അറിയാതെ ശശി തരൂര്‍, കുരുക്കിട്ട് അവതാരകന്
ക്രിക്കറ്റ് നിലവില്‍ നിയന്ത്രിക്കുന്നത് ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണെന്നും അതില്‍ തന്നെ ഇന്ത്യയാണ് ഏറ്റവും സമ്പന്നരും തീരുമാനങ്ങള്‍ എടുക്കുന്നതും ഇന്ത്യയാണെന്നും ഹസന് വ്യക്തമാക്കുന്നു. നാളെ ആരംഭിക്കാനിരിക്കുന്ന ലോകകപ്പില്‍ 10 മാത്രമാണ് കളിക്കുന്നത്. അസോസിയേറ്റ് രാജ്യങ്ങളുടെ എണ്ണം കുറച്ച് തങ്ങള്‍ക്ക് കൂടുതല്‍ പണം ഉണ്ടാക്കാനുള്ള അവസരമായി ഇന്ത്യ ലോകകപ്പിനെ മാറ്റി മറിച്ചെന്ന് ഹസന് ആരോപിക്കുന്നു. 1992 ന് ശേഷം ഇതാദ്യമായാണ് ലോകകപ്പില്‍ റൗണ്ട് റോബിന് രീതിയില്‍ മത്സരങ്ങള്‍ നടക്കുന്നത്. ഇതിന് പിന്നിലുള്ള ബിസിസിഐയുടെ ലക്ഷ്യങ്ങളേയും പദ്ധതികളേയും ഹസന് ചോദ്യം ചെയ്യുന്നു. വളരെ ഗൗരവ്വമേറിയൊരു വിഷയത്തെ ഹാസ്യത്തോടൊപ്പം അവതരിപ്പിക്കുന്നുവെന്നതാണ് പരിപാടിയുടെ പ്രത്യേകത.
പിന്നാലെ ഐപിഎല്ലിനെതിരേയും ഹസന് മിനാജ് രംഗത്തെത്തുന്നു. ഐപിഎല്ലിലെ വിവാദമായ വാതുവെപ്പ് കേസുകളടക്കം ഹസന് ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്ങനെയാണ് ഐപിഎല്‍ ക്രിക്കറ്റിന്റെ മുഖം തന്നെ മാറ്റിയതെന്നും അതിലൂടെ ബിസിസിഐ ക്രിക്കറ്റിലെ സര്‍വ്വാധിപതിയായി മാറിയത് എങ്ങനെയെന്നും ഹസന് അവതരിപ്പിക്കുന്നു. ഐപിഎല്ലിന് സമാനമായ മറ്റ് ടി20 ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങളെ കളിക്കാന്‍ ബിസിസിഐ അനുവദിക്കാത്തതും ഹസന് ചോദ്യം ചെയ്യുന്നുണ്ട്.
ഐപിഎല്ലിന്റേയും അതിലൂടെ ബിസിസിഐയും ഇന്ന് കൈവരിച്ച ആധിപത്യത്തിന് തുടക്കമിട്ടത് വിവാദ നായകനായ ലളിത് മോദിയാണെന്ന് ഹസന് പറയുന്നു. പിന്നാലെ ലളിത് മോദിയുമായുള്ള അഭിമുഖവും പരിപാടിയില്‍ കടന്നു വരുന്നുണ്ട്. അഭിമുഖത്തില്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം മോദി തള്ളിക്കളയുകയാണ് ചെയ്യുന്നത്. തനിക്ക് ഒന്നിലും കുറ്റബോധമില്ലെന്നും എന്നും രാവിലെ കണ്ണാടിയില്‍ നോക്കുമ്പോള്‍ തനിക്ക് നീരസമോ ആത്മനിന്ദയോ തോന്നാറില്ലെന്നും മോദി പറയുന്നു.
അതേസമയം, ഹസന്റെ ഒരു ആരോപണം മാത്രം മോദി അംഗീകരിക്കുന്നുണ്ട്. ബിസിസിഐയെ ക്രിക്കറ്റ് ലോകത്തെ ഏകാധിപതിയാക്കുന്നതിന് അടിത്തറയിട്ടത് താനാണെന്നും അതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും ലളിത് മോദി പറയുന്നു. നിലവില്‍ ലണ്ടനിലാണ് ലളിത് മോദി കഴിയുന്നത്. ”നിങ്ങള്‍ക്ക് തോന്നുന്നില്ലേ ഐപിഎലിലൂടെ നിങ്ങളാണ് ആ പ്രശ്നങ്ങളെല്ലാം തുടങ്ങി വച്ചതെന്ന്’ ഹസന് ഈ ചോദ്യത്തിന് ”ഞാനാണ്. പക്ഷെ ഞാനിത് ഇങ്ങനെയാകുമെന്ന് കരുതിയിരുന്നില്ല. സത്യമാണ് എന്നെയാണ് കുറ്റം പറയേണ്ടത്” എന്നായിരുന്നു മോദിയുടെ ഉത്തരം.
ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയില്‍ ക്രിക്കറ്റ് എത്തിച്ചത് ബ്രീട്ടിഷുകാരാണ്. എന്നാല്‍ പിന്‍കാലത്ത് ക്രിക്കറ്റിനെ ഇന്ത്യ തങ്ങളുടേതാക്കി മാറ്റുകയായിരുന്നുവെന്നും ഒടുവില്‍ ക്രിക്കറ്റിലൂടെ മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുകളേയും ടീമുകളേയുമെല്ലാം ഇന്ത്യ തങ്ങളുടെ കോളനികളാക്കി മാറ്റുകയാണെന്നും ഹസന് മിനാജ് ആരോപിക്കുന്നു.