ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ചേതന്‍ ശര്‍മ രാജിവച്ചു. സ്വകാര്യ വാര്‍ത്താ ചാനലിന്റെ ഒളിക്യാമറ അന്വേഷണത്തില്‍ ബിസിസിയുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ ചേതന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണു രാജി.
ബിസിസിഐ സെക്രട്ടറി ജയ് ഷാ രാജി സ്വീകരിച്ചതായി വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഏകദിന നായക സ്ഥാനം നഷ്ടപ്പെടാനുള്ള കാരണം അന്നത്തെ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗലിയാണെന്ന് ധരിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വിരാട് കോഹ്ലി ശ്രമിച്ചുവെന്ന് സ്റ്റിങ് ഓപ്പറേഷനിലെ വീഡിയോയില്‍ ചേതന്‍ പറഞ്ഞിരുന്നു.
2021 സെപ്തംബറിലായിരുന്നു വിരാട് കോഹ്ലി ട്വന്റി 20 നായകസ്ഥാനം രാജിവച്ചത്. പിന്നാലെ ബിസിസിഐ കോഹ്ലിയും ഏകദിന നായക പദവിയും ഒഴിവാക്കി. ശേഷം രോഹിത് ശര്‍മയെ നിയമിക്കുകയായിരുന്നു.
കോഹ്ലിയോട് ട്വന്റി 20 നായകസ്ഥാനം രാജിവയ്ക്കരുതെന്നു താന്‍ ആവശ്യപ്പെട്ടതായി സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു.