ഇന്നലത്തെ പകല്‍ രഞ്ജി ട്രോഫിയില്‍ സെഞ്ചുറി നേടി ബംഗാളിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരിന്നു. എന്നാല്‍ വൈകുന്നേരം ഔദ്യോഗിക ഫയലുകള്‍ നോക്കുന്ന തിരക്കലായിരുന്നു. പറയുന്നത് മറ്റാരെയും പറ്റിയല്ല 36 കാരനായ ബംഗാള്‍ താരവും സംസ്ഥാനത്തിന്റെ കായിക മന്ത്രിയുമായ മനോജ് തീവാരിയെക്കുറിച്ചാണ്.
മന്ത്രിയുടെ ഉത്തരവാദിത്വങ്ങളും ഒരു ടീമിന്റെ ചുമതലയും വഹിക്കുക എന്നത് അത്ര നിസാരമായ കാര്യമല്ല. പക്ഷെ തീവാരിയിത് കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ നിസാരമാണെന്ന് കരുതും. കളിയുടെ ക്ഷിണം മാറ്റാന്‍ സഹതാരന് ഐസ് ബാത്തും മറ്റും ചെയ്യുമ്പോള്‍ തീവാരി ഔദ്യോഗിക ജോലികളുടെ തിരക്കില്‍ മുഴുകും.
“മണ്ഡലത്തിലെ നിരവധി കാര്യങ്ങള്‍ ചെയ്തു തീര്ക്കാനുണ്ടായിരിക്കും. അവിടെയും ഇവിടെയുമൊക്കെയായുള്ള ചെറിയ വിഷയങ്ങള്‍. അതേസമയം തന്നെ സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതുമായി യോജിച്ച് പോകേണ്ട സമയമായിട്ടുണ്ട്,” തീവാരി വ്യക്തമാക്കി.
“ഒപ്പിടേണ്ട നിരവധി ഫയലുകളും രേഖകളുമുണ്ട്. അതുകൊണ്ട് തന്നെ ദിവസം നീളും. കളിക്കുന്നതിനാല്‍ മണ്ഡലത്തിലുള്ള ഓഫീസിലേക്ക് പോകാന്‍ കഴിയില്ല. അതിനാല്‍ ഫയലുകള്‍ അയച്ചു നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഒപ്പിട്ടതിന് ശേഷം ഫയലുകള്‍ തിരിച്ചയക്കുകയും ചെയ്യും. അതിനാല്‍ ജോലികള്‍ ഒരുപാട് ബാക്കിയാകില്ല. ശേഷം ഓഫീസില്‍ വിളിച്ച് മറ്റ് കാര്യങ്ങള്‍ അന്വേഷിക്കും,” തീവാരി കൂട്ടിച്ചേര്‍ത്തു.

രഞ്ജി ട്രോഫി മത്സരത്തിലും മനോജ് തീവാരി തന്റെ മികവ് തെളിയിച്ചിരുന്നു. മധ്യ പ്രദേശ് 341 റണ്‍സിനാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. തീവാരിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ബംഗാള്‍ 273 റണ്‍സ് രണ്ടാം ദിനം നേടി.
ആദ്യ നാലോവറില്‍ തന്നെ 11 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ ബംഗാളിന് നഷ്ടമായിരുന്നു. ശേഷമാണ് തീവാരിയെത്തിയത്. പിന്നീട് 54-5 എന്ന നിലയിലേക്ക് വീണെങ്കിലും ഷഹബാസ് അഹമ്മദിനെ കൂട്ടുപിടിച്ച് ബംഗാളിനെ തകര്‍ച്ചയില്‍ നിന്ന് തീവാരി കരകയറ്റി.
“ഇത്തരം സാഹചര്യങ്ങളില്‍ ഞാന്‍ മുന്‍പുമുണ്ടായിട്ടുണ്ട്. അമിതഭാരമില്ലാതെ ഓരോ സെഷനനുസരിച്ചു കളിക്കുക എന്നതാണ്. കഴിയുന്നത്ര ക്രീസില്‍ നിലനില്ക്കുക എന്നും റണ്‍സ് പിന്നീട് വന്നോളുമെന്നാണ് ഞാന്‍ ഷെഹബാസിനോട് പറഞ്ഞത്,” തീവാരി വിശദീകരിച്ചു.
“ബംഗാള്‍ ഒരു ദിവസം രഞ്ജി ട്രോഫി നേടുക എന്നതാണ് എന്റെ സ്വപ്നം. ഞാന്‍ ടീമിനെ നയിച്ചിരുന്നപ്പോള്‍ അത് സംഭവിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അത് നടന്നില്ല. രഞ്ജി ട്രോഫി നേടുന്ന ടീമിന്റെ ഭാഗമാവുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇതാണ് എന്നെ നയിക്കുന്നതും,” താരം പറഞ്ഞു.
“നേരത്തെ ഞാന്‍ ക്രിക്കറ്റ് മാത്രമാണ് കളിച്ചിരുന്നത്. ഇപ്പോള്‍ എനിക്ക് അത്ര സമയം ലഭിക്കാറില്ല. ഞാന്‍ രാത്രി ഒരു മണിക്ക് വീട്ടിലെത്തി രാവിലെ എഴുന്നേറ്റ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കേണ്ടതായി വന്നിട്ടുണ്ട്. എനിക്കെല്ലാ പിന്തുണയും നല്‍കുന്നത് എന്റെ ഭാര്യയാണ്,” തീവാരി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് തൊട്ടുപിന്നാലെ, പാർട്ടി അധ്യക്ഷ മമതാ ബാനർജിയുടെ ഒരു ഫോൺ കോളാണ് തന്നെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് എത്താന്‍ പ്രേരിപ്പിച്ചതെന്ന് തിവാരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.
Also Read: FIFA World Cup 2026: ലോസ് ഏഞ്ചൽസ്, ടൊറന്റോ, മെക്സിക്കോ സിറ്റി എന്നിവ ആതിഥേയ നഗരങ്ങൾ