പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) എക്സിബിഷന്‍ മത്സരത്തിനിടെ തീവ്രാദ ആക്രമണം. മത്സരം നടന്നുകൊണ്ടിരുന്ന നവാബ് അക്ബര്‍ ബുഗ്തി സ്റ്റേഡിയത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, മുന്‍ താരം ഷഹീദ് അഫ്രിദി തുടങ്ങിയ താരങ്ങളെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റി. സ്ഫോടനത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തി വയ്ക്കുകയും ചെയ്തു.
തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് ടിടിപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
“സ്ഫോടനം നടന്നയുടൻ, മുൻകരുതൽ നടപടിയെന്ന നിലയിൽ, മത്സരം നിർത്തി കളിക്കാരെ കുറച്ചുനേരം ഡ്രസിങ് റൂമിലേക്ക് മാറ്റി. പിന്നീട് സാഹചര്യം നിയന്ത്രണവിധേയമായതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എത്തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസങ്ങളിൽ ടിടിപി ഭീകരാക്രമണം ശക്തമാക്കിയിരുന്നു. പെഷവാറിൽ പോലീസ് ലൈനിലുണ്ടായ ചാവേർ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.