കപ്പിനും ചുണ്ടിനും ഇടയില്‍ നിന്ന് അഫ്ഗാനിസ്ഥാന്റെ ജയം തട്ടിയെടുക്കുന്നത് പാക്കിസ്ഥാന്റെ സ്ഥിരം ഹോബികളില്‍ ഒന്നാണ്. അത് തന്നെയാണ് ഇന്നലെ ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലും കണ്ടത്. കളി ആവേശക്കൊടുമുടിയില്‍ എത്തിയപ്പോള്‍ കളത്തില്‍ കാര്യങ്ങള്‍ അല്‍പ്പം വഷളാവുകയും ചെയ്തു.
മത്സരത്തിന്റെ 19-ാം ഓവറില്‍ പാക് താരം ആസിഫ് അലി പുറത്തായതിന് പിന്നാലായായിരുന്നു സംഭവം. ആസിഫിന്റെ നിര്‍ണായക വിക്കറ്റ് എടുത്ത അഫ്ഗാന്‍ പേസ് ബോളര്‍ ഫരീദ് അഹമ്മദ് ആഘോഷം ഇത്തിരി കടുപ്പത്തിലാക്കി. ചെന്ന് പെട്ടത് ആസിഫിന്റെ മുന്നിലും.
തന്റെ ശരീരത്തിന് അടുത്തേക്ക് ഫരീദ് എത്തിയപ്പോഴാണ് ആസിഫ് അല്‍പ്പം അസ്വസ്ഥനായാത്. തല്ലാന്‍ ഒരുങ്ങുന്ന പോലെ ഫരീദിന്റെ നേര്‍ക്ക് ആസിഫ് ബാറ്റ് ഓങ്ങുകയും ചെയ്തു. അമ്പയര്‍മാരും അഫ്ഗാന്‍ താരങ്ങളും ഇടപെട്ടതോടെ സാഹചര്യം ശാന്തമായി.
ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തിലായിരുന്നു അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടത്. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ ആവശ്യമായിരുന്നത് 11 റണ്‍സാണ്. ഫസല്‍ഹഖ് ഫറൂഖി എറിഞ്ഞ ആദ്യ രണ്ട് പന്തുകള്‍ സിക്സ് പായിച്ച് നസീം ഷാ പാക്കിസ്ഥാന്‍ ജയം സമ്മാനിച്ചു.
ജയത്തോടെ പാക്കിസ്ഥാന്‍ ഫൈനല്‍ ഉറപ്പിച്ചു. ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം. അഫ്ഗാനിസ്ഥാന്റെ തോല്‍വിയോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഇന്ന് അഫ്ഗാനിസ്ഥാനും ഇന്ത്യയും സൂപ്പര്‍ ഫോറില്‍ ആശ്വാസജയം തേടിയിറങ്ങും.