ടോസ് നേടി, ഫീല്‍ഡിങ് തിരഞ്ഞെടുത്തു, ഏഷ്യ കപ്പ് നേടാനുള്ള എല്ലാ വിധ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ശ്രീലങ്കയ്ക്ക് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു പാക്കിസ്ഥാന്. ഫീല്‍ഡിങ്ങിലെ പിഴവുകളും മധ്യനിരയിലെ ബാറ്റര്‍മാര്‍ക്ക് സ്കോറിങ്ങിന് വേഗം കൂട്ടാനാകാതെ പോയതുമായിരുന്നു പാക്കിസ്ഥാന് കലാശപ്പോരാട്ടത്തില്‍ തിരിച്ചടിയായത്.
ഏറെക്കാലമായി ക്രിക്കറ്റിലെ ആധിപത്യം നഷ്ടപ്പെട്ട ശ്രീലങ്കയോട് പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് പാക്കിസ്ഥാന്‍ ആരാധകര്‍. സ്റ്റേഡിയത്തില്‍ നിന്ന് പൊട്ടിക്കരയുന്ന പാക്കിസ്ഥാന്‍ ആരാധികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ലവ്ഖാനി എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
“പാക്കിസ്ഥാന്‍ തോറ്റു, ഇന്ത്യയെങ്കിലും കിരീടം നേടിയാല്‍ മതിയായിരുന്നു,” പാക് ആരാധിക വിതുമ്പിക്കൊണ്ട് പറഞ്ഞു. ഫൈനലില്‍ വിജയിച്ച ശ്രീലങ്കയെ യുവതി അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. കളത്തിലേക്ക് നോക്കി നിര്‍ത്താതെ കരയുന്ന യുവതിയെ ഒരു ശ്രീലങ്കന്‍ ആരാധിക ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിന് 170 റണ്‍സാണെടുത്തത്. 58-5 എന്ന നിലയില്‍ നിന്നായിരുന്നു ലങ്കയുടെ തിരിച്ചുവരവ്. ടൂര്‍ണമെന്റിലുടനീളം ചെയ്സിങ്ങിന് അനുകൂലമായാണ് കാര്യങ്ങള്‍ നീങ്ങിയിരുന്നത്. എന്നാല്‍ ഫൈനലില്‍ കാര്യങ്ങള്‍ മറിച്ചായിരുന്നു.
പാക്കിസ്ഥാന്‍ 147 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ പ്രമോദ് മദുഷനും മൂന്ന് വിക്കറ്റ് നേടിയ വനിന്ദു ഹസരങ്കയുമാണ് പാക് ബാറ്റിങ് നിരയെ തകര്‍ത്തത്. 45 പന്തില്‍ 71 റണ്‍സ് നേടി പുറത്താകാതെ നിന്ന ഭാനുക രജപക്സെയാണ് കളിയിലെ താരം. ഹസരങ്ക ടൂര്‍ണമെന്റിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.