2022 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മത്സരക്രമം പുറത്തു വിട്ടു. ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ്.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടും, 28 നാണ് മത്സരം. സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇരുടീമുകളും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.
പാക്കിസ്ഥാനൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. മൂന്നാമത്തെ ടീം യോഗ്യതാ റൗണ്ടില്‍ നിന്നായിരിക്കും. ശ്രിലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍.
ഏഷ്യ കപ്പിന് ശേഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും പാക്കിസ്ഥാന്‍-ഇന്ത്യ പോരാട്ടമുണ്ട്. ഒക്ടോബര്‍ 23 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചാണ് മത്സരം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഏഷ്യ കപ്പിന് യുഎഇ അതിഥേയത്വം വഹിക്കുന്നത്. 2018 ലായിരുന്നു അവസാനമായി നടന്നത്. അന്ന് ഏകദിന ഫോര്‍മാറ്റിലായിരുന്നു ഏഷ്യ കപ്പ്.
2021 ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിക്ക് മറുപടി പറയുക എന്നതായിരിക്കും രോഹിത് ശര്‍മയുടേയും കൂട്ടരുടേയും ലക്ഷ്യം. ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ ആദ്യമായായിരുന്നു പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെടുന്നത്.
ഏഷ്യാ കപ്പ് ഷെഡ്യൂൾ
- ഓഗസ്റ്റ് 27 – ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ, ദുബായ്
- ആഗസ്റ്റ് 28 – ഇന്ത്യ-പാകിസ്ഥാൻ, ദുബായ്
- ഓഗസ്റ്റ് 30 – ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ, ഷാർജ
- ഓഗസ്റ്റ് 31 – ഇന്ത്യ-ക്വാളിഫയർ, ദുബായ്
- സെപ്റ്റംബർ 01 – ശ്രീലങ്ക-ബംഗ്ലാദേശ്, ദുബായ്
- സെപ്റ്റംബർ 02 – പാകിസ്ഥാൻ-ക്വാളിഫയർ, ഷാർജ
- സെപ്റ്റംബർ 03 – B1-B2, ഷാർജ
- സെപ്റ്റംബർ 04 – A1-A2, ദുബായ്
- സെപ്റ്റംബർ 06 – A1-B1, ദുബായ്
- സെപ്റ്റംബർ 07 – A2-B2, ദുബായ്
- സെപ്റ്റംബർ 08 – A1-B2, ദുബായ്
- സെപ്റ്റംബർ 09 – B1-A2, ദുബായ്
- സെപ്റ്റംബർ 11 – ഫൈനൽ, ദുബായ്