ദിവസങ്ങള്‍ക്ക് മുമ്പാണ് യുവരാജ് സിങ് തന്റെ രാജ്യാന്തര കരിയറില്‍ നിന്നും വിരമിച്ചത്. 17 വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു യുവി. അതുപോലെ തന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്നതിന്റെ മറുവാക്കാണ് എം.എസ്.ധോണി. യുവരാജ് 2000 ലും ധോണി 2004 ലുമാണ് ഇന്ത്യയ്ക്കായി അരങ്ങേറിയത്.

രണ്ടു പേരും മധ്യനിരയില്‍ ഇറങ്ങി എതിര്‍ ടീം ബോളര്‍മാരുടെ ഉറക്കം കെടുത്തുന്നവരാണ്. ധോണി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കില്‍ അര്‍ഹിച്ചിരുന്നൊരു വിടവാങ്ങല്‍ പോലുമില്ലാതെയാണ് യുവി പടിയിറങ്ങിയത്. 2017 ലാണ് യുവരാജ് അവസാനമായി ഇറങ്ങിയത്.

ധോണിയുടെ കരിയറിന്റെ തുടക്കകാലത്ത് ഇരുവരും ഒന്നിച്ച് മൈതാനത്തു കൂടി ബൈക്ക് ഓടിച്ചു കൊണ്ടുള്ള ആഘോഷം ഇന്നും മറക്കാനാവത്ത ഓര്‍മ്മയാണ്. 2011 ല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടി തന്നതിന് ശേഷമാണ് യുവി കാന്‍സര്‍ ബാധിതനാണെന്ന വിവരം അറിയുന്നത്. പിന്നീട് താരം കാന്‍സറിനെ അതജീവിച്ച് തിരികെ വരികയായിരുന്നു.

ഇതിനിടെ യുവിയും ധോണിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. യുവരാജിന്റെ പിതാവ് പരസ്യമായി ധോണിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ വിവാദങ്ങളോട് യുവരാജ് പ്രതികരിച്ചില്ല. ധോണിക്ക് അഹങ്കാരമാണെന്നും ഒരുനാള്‍ യുവിയോട് ചെയ്തതിനെല്ലാം അനുഭവിക്കുമെന്നും യുവരാജിന്റെ പിതാവ് യോഗ് രാജ് സിങ് തുറന്നടിച്ചിരുന്നു.

തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ പോലും യുവി ധോണിയെ പരാമര്‍ശിച്ചിരുന്നില്ല. താന്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ സൗരവ്വ് ഗാംഗുലിയാണെന്ന് യുവി പറഞ്ഞിരുന്നു. ഇതേസമയം, ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് നടന്‍ കമാല്‍ റാഷിദ് ഖാന്‍. ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്നാണ് കെആര്‍കെ പറയുന്നത്.

”വിരമിക്കുമ്പോള്‍ യുവരാജ് ധോണിയെ കുറിച്ച് ഒന്നും പറഞ്ഞില്ല. ധോണി യുവരാജിനെ കുറിച്ചും. അതായത്, ശത്രുത ആഴത്തിലുള്ളതും പഴയതുമാണ്” എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ഇതോടെ ട്വിറ്ററില്‍ ഇരു താരങ്ങളുടേയും ആരാധകര്‍ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook