ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റിങ് നിരയിലെ നിര്‍ണായക സാന്നിധ്യമാണ് സൂര്യകുമാര്‍ യാദവ്. മികച്ച പ്രകടനം ഏറ്റവും ഒടുവില്‍ ഐസിസി ടി 20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കും താരത്തെ എത്തിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി 20യിലെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയാണ് സൂര്യകുമാറിനെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമുമായി രണ്ട് പോയന്റിന്റെ വ്യത്യാസം മാത്രമാണ് ഇപ്പോള്‍ സൂര്യകുമാറിനുള്ളത്.
മികച്ച പ്രകടനം താരത്തിന് ഏഷ്യ കപ്പ് ടീമിലും ഇടം നേടി കൊടുത്തു. എന്നാല്‍ ടീമില്‍ ഇടം ലഭിക്കുമ്പോഴും ബാറ്റിംഗ് ഓര്‍ഡര്‍ താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്ക വേണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് 30 കാരനായ സൂര്യകുമാര്‍ യാദവ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ സൂര്യകുമാറിന്റെ പ്രകടനം മികച്ചതാണ്, ഇത് തന്നെയാണ് താരത്തെ ദേശീയ ടീമില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായതും. സൂര്യകുമാറിന്റെ മൈതാനത്തെ ആത്മവിശ്വാസമാണ് താരത്തിന്റെ പ്രകടനത്തില്‍ നിര്‍ണായകമാകുന്നതെന്നാണ് ആകാശ് ചോപ്ര പറയുന്നത്. എന്നാല്‍ സൂര്യകുമാറിനെ സംബന്ധിച്ച് ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റം നിരാശനാക്കുന്നില്ലെന്നും ചോപ്ര പറഞ്ഞു. അത് തന്നെയാണ് താരെത്ത മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിലെ ബഹുമുഖ പ്രതിഭയാണ് സൂര്യകുമാര്‍. മൈതാനത്ത് ഡിവില്ലിയേഴ്‌സിന് സമാനമായി 360 ഡിഗ്രിയില്‍ ഷോട്ടുകള്‍ പായിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഇങ്ങനെ പോകുന്നു ചോപ്രയുടെ വാഴ്ത്തലുകള്‍. ഇതുവരെ കളിച്ച 23 ടി20കളില്‍ നിന്ന് 175.45 എന്ന മികച്ച സ്ട്രൈക്ക് റേറ്റിനൊപ്പം 672 റണ്‍സ് സൂര്യകുമാര്‍ യാദവ് നേടിയിട്ടുണ്ട്, 37.33 ആണ് ശരാശരി. ടീം ഇന്ത്യയ്ക്കായി ബാറ്റ് ചെയ്ത എല്ലാ പൊസിഷനുകളിലും 150 ലധികം സ്ട്രൈക്ക് റേറ്റാണ് മുംബൈക്കാരന്റെ അക്കൗണ്ടിലുള്ളത്.