മൈതാനത്തെ വ്യത്യസ്‌ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നതാണ് തന്റെ വിജയത്തിന് പിന്നിലെ കാരണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി.
“എല്ലാ കാലത്തും ഒരുപോലെ കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് മുന്നിലുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് മാറ്റങ്ങള്‍ കൊണ്ടുവരണം. വിവിധ ഫോര്‍മാറ്റുകള്‍ ഇത്രയും കാലയളവ് കളിക്കാന്‍ എനിക്ക് സാധിച്ചതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്. ശാരീരകമായി വ്യത്യസ്തതയോടെ കളിക്കാന്‍ കഴിയുമെന്ന തോന്നലില്‍ നിന്നാണ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നത്,’ ബിസിസിഐ ടിവിയില്‍ രാഹുല്‍ ദ്രാവിഡുമായുള്ള സംഭാഷണത്തില്‍ കോഹ്ലി പറഞ്ഞു.
“മാനസികമായി ഒരു തലത്തില്‍ കളിക്കാന്‍ തയാറെടുത്താലും അതിന് ശരീരത്തിന്റെ പിന്തുണയില്ലെങ്കില്‍ അര്‍ത്ഥമില്ല. ഉദാഹരണത്തിന് സ്കോറിങ്ങിന് വേഗം കൂട്ടുന്നതിനായി ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിര്‍ ഒരു ഏഴ് ഓവര്‍ വരെ ഓവറില്‍ ആറ് തവണ രണ്ട് റണ്ണിനായി ഒടാന്‍ ഞാന്‍ തയാറായിരുന്നു,” കോഹ്ലി കൂട്ടിച്ചേര്‍ത്തു.
“റണ്‍സ് ഓടിയെടുക്കുന്നതിനായി പന്ത് ഡീപ് മിഡ് വിക്കറ്റ് കടത്തണമെന്ന് എനിക്ക് അഭിപ്രായമില്ല, അതിനാല്‍ തന്നെ ഇതില്‍ റിസ്കും ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്നും രണ്ടും റണ്‍സ് എളുപ്പത്തില്‍ നേടാനും സ്കോറിങ്ങിന് വേഗം കൂട്ടാനും എനിക്ക് കഴിയും. അതുകൊണ്ടാണ് വ്യത്യസ്തമായ സാഹചര്യങ്ങളില്‍ എനിക്ക് ബാറ്റ് ചെയ്യാന്‍ സാധിക്കുന്നത്,” കോഹ്ലി പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ സെഞ്ചുറി പ്രകടനത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും കോഹ്ലിയെ അഭിനന്ദിച്ചു.