ലോകത്തെ മികച്ച ഓള്‍റൗണ്ടറാവാന്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയെ സഹായിക്കാമെന്ന് പറഞ്ഞ് ഈയടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് പാക് മുന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖ്. പാണ്ഡ്യയുടെ കളിയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും ചില മാറ്റങ്ങള്‍ അത്യാവശ്യമാണെന്നും റസാഖ് പറഞ്ഞിരുന്നു. പന്തിനെ കാഠിന്യത്തോടെ അടിച്ചകറ്റുമ്പോള്‍ ഹാര്‍ദിക് ശരീരം ബാലന്‍സ് ചെയ്യുന്നതില്‍ പ്രശ്നങ്ങളുണ്ട്. ഹാര്‍ദിക്കിന്‍റെ പാദചലനങ്ങളും കഴിഞ്ഞ മത്സരങ്ങളില്‍ ശ്രദ്ധിച്ചു. യുഎഇയിലോ മറ്റോ ഹാര്‍ദിക്കിന് പരിശീലനം നല്‍കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് അവനെ മാറ്റാന്‍ തനിക്ക് സാധിക്കുമെന്ന് റസാഖ് പറഞ്ഞു. ബിസിസിഐക്ക് ഹാര്‍ദിക്കിനെ മികച്ച ഓള്‍റൗണ്ടറാക്കണമെങ്കില്‍ അതിന് എപ്പോഴും താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാണ്ഡ്യയെ കുറിച്ച് സംസാരിച്ചതിനു ശേഷം അബ്ദുള്‍ റസാഖ് മറ്റൊരു പ്രസ്താവനയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞാണ് അദ്ദേഹം തലക്കെട്ടുകളില്‍ നിറയുന്നത്.
തനിക്ക് അഞ്ചോ ആറോ വിവാഹേതരബന്ധം ഉണ്ടെന്ന് അബ്ദുള്‍ റസാഖ് ഒരു പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. കൂടാതെ ഓരോ ബന്ധത്തിനും ‘കാലാവധിയും ഉണ്ടായിരുന്നു’ എന്നും അദ്ദേഹം തുറന്നു പറഞ്ഞു. ‘ചില ബന്ധങ്ങള്‍ ഒരു വര്‍ഷത്തോളം മുമ്പോട്ട് പോയി, ചിലത് ഒന്നര വര്‍ഷത്തോളം നീണ്ടുനിന്നു,’ 39കാരനായ മുന്‍ ക്രിക്കറ്റ് താരം പറഞ്ഞു.
Read More: ‘ഇവനെ എനിക്ക് തന്നൂടേ’; പാണ്ഡ്യയെ പരിശീലിപ്പിക്കാന്‍ തയ്യാറെന്ന് പാക് ഇതിഹാസം
വിവാഹത്തിന് ശേഷമാണോ ഈ ബന്ധങ്ങള്‍ ഉണ്ടായിരുന്നതെന്ന് അവതാരകന്‍ ഒരിക്കല്‍ കൂടി ചോദിച്ചപ്പോള്‍ അതെ എന്ന് തന്നെയാണ് റസാഖ് കുറ്റസമ്മതം നടത്തിയത്. അയിഷ എന്ന പാക് യുവതിയെ ആണ് റസാഖ് വിവാഹം ചെയ്തത്. ഇവര്‍ക്ക് മൂന്ന് കുട്ടികളും ഉണ്ട്.
പാക്കിസ്ഥാന്റെയും ലോകക്രിക്കറ്റിലെ തന്നെയും എണ്ണം പറഞ്ഞ ഓൾ റൗണ്ടർമാരിലൊരാളായിരുന്നു അബ്ദുർ റസാഖ്. 265 ഏകദിനമത്സരങ്ങളിൽ നിന്നായി 5000 ത്തിലേറെ റൺസും 250 ലേറെ വിക്കറ്റും നേടിയ ചുരുക്കം ചില ഓൾ റൗണ്ടർമാരിലൊരാളാണ് അദ്ദേഹം.
ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന പാക്കിസ്ഥാന്റെ 111-ാമത്തെ കളിക്കാരനായി റസാഖ് 1996 ലാണ് രാജ്യാന്തര ക്രിക്കറ്റിലെത്തുന്നത്. ടെസ്റ്റ് അരങ്ങേറ്റം 1999 ൽ ഓസ്ട്രേലിയക്കെതിരെയും. 1999 ലെ കാൾടൺ ആൻഡ് യുണെറ്റൈഡ് സീരീസിലാണ് റസാഖിന്റെ വിശ്വരൂപം ആദ്യമായി ക്രിക്കറ്റ് ലോകം ദർശിച്ചത്. ആ പരമ്പരയിലെ മാൻ ഓഫ് ദി മാച്ചായതിനൊപ്പം ശ്രദ്ധിക്കപ്പെട്ടതായിരുന്നു, ലോകക്രിക്കറ്റിലെ ഏറ്റവും അറിയപ്പെടുന്ന പേസ് ബോളർമാരിലൊരാളായ ഗ്ലെൻ മഗ്രാത്തിനെതിരെ ഒരോവറിൽ 5 ബൗണ്ടറികൾ നേടിയ ആക്രമണോത്സുക ബാറ്റിങ് പ്രകടനം.
ബാറ്റു കൊണ്ടും ബോൾ കൊണ്ടും പാക്കിസ്ഥാൻ ഫൈനലിൽ വരെയെത്തിയ ആ വർഷത്തെ ലോകകപ്പിൽ റസാഖ് അവരുടെ നിർണായക സാന്നിധ്യമായി മാറുകയും ചെയ്തു. അന്നത്തെ ന്യൂസിലൻഡ് ക്യാപ്റ്റനായിരുന്ന സ്റ്റീഫൻ ഫ്ലെമിങ് റസാഖിനെ വിശേഷിപ്പിച്ചത് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഹിറ്റർ എന്നായിരുന്നു.