scorecardresearch
Latest News

ട്വന്റി-20 ലോകകപ്പ് രണ്ട് വര്‍ഷത്തെ ഇടവേളയില്‍; ടൂര്‍ണമെന്റുകള്‍ വിപുലീകരിച്ച് ഐസിസി

ക്രിക്കറ്റ് ലോകകപ്പില്‍ 2027 മുതല്‍ 14 ടീമുകളെ ഉള്‍പ്പെടുത്തും

ICC, Cricket World Cup
ഫൊട്ടോ: ട്വിറ്റര്‍/ ഐസിസി

ന്യൂഡല്‍ഹി: ടൂര്‍ണമെന്റുകള്‍ വിപുലീകരിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഇനിമുതല്‍ രണ്ടു വര്‍ഷത്തെ ഇടവേളയില്‍ ട്വന്റി 20 ലോകകപ്പ് നടത്തും. 2027 മുതല്‍ 50 ഓവര്‍ ലോകകപ്പില്‍ 14 ടീമുകളെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ചാമ്പ്യന്‍സ് ട്രോഫിയുടെ തിരിച്ചു വരവിനും നടപടികളായി.

2024-2031 വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ കാര്യത്തില്‍ തീരുമാനമായി. പുരുഷ വിഭാഗം ലോകകപ്പുകളില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഇതിനു പുറമെ ചാമ്പ്യന്‍സ് ട്രോഫിയും ഉണ്ടാകുമെന്നും ഐസിസിയുടെ പ്രസ്താവനയില്‍ പറയുന്നു.

പുരുഷവിഭാഗം ലോകകപ്പില്‍ 14 ടീമുകളുണ്ടാകും. 54 മത്സരങ്ങളാണ് ഉണ്ടാകുക. 2027, 2031 ലോകകപ്പുകളിലാണ് പുതിയ മാറ്റങ്ങള്‍. അതേസമയം, ട്വന്റി 20 ലോകകപ്പ് 20 ടീമുകളെ ഉള്‍പ്പെടുത്തിയാകും വിപുലീകരിക്കുക. 2024 മുതല്‍ 2030 വരെ രണ്ട് വര്‍ഷം ഇടവേളയില്‍ ടൂര്‍ണമെന്റ് നടക്കും.

Also Read: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കഴിവിനനുസരിച്ച് കളിക്കാന്‍ ടീമിനായില്ല: സന്ദേഷ് ജിംഗന്‍

2025, 2029 വര്‍ഷങ്ങളില്‍ എട്ട് ടീമുകളുമായി ചാമ്പ്യന്‍സ് ട്രോഫി നടക്കും. 2025-31 കാലഘട്ടത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നാല് പതിപ്പുകളും സംഘടിപ്പിക്കും. വനിതാ വിഭാഗം ടൂര്‍ണമെന്റുകള്‍ വിപുലീകരിക്കുന്ന കാര്യത്തില്‍ ഐസിസി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

2003 ലോകകപ്പിന് സമാനമായാണ് ഇനി മുതല്‍ പുരുഷ വിഭാഗം ലോകകപ്പുകള്‍. ഏഴ് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പുകള്‍. ആദ്യ മൂന്ന് സ്ഥാനത്ത് എത്തുന്നവര്‍ക്കായി സൂപ്പര്‍ സിക്സ് മത്സരങ്ങള്‍. ഇതില്‍ നിന്ന് നാല് ടീമുകള്‍ സെമി ഫൈനലില്‍ എത്തും.

നാല് ഗ്രൂപ്പുകളായാണ് ട്വന്റി 20 ലോകകപ്പ്. ഒരു ഗ്രൂപ്പില്‍ അഞ്ച് ടീമുകളാകും മാറ്റുരക്കുക. പിന്നീട് സൂപ്പര്‍ എട്ടും, സെമി ഫൈനലും. ചാമ്പ്യന്‍സ് ട്രോഫി സാധാരണ നിലയില്‍ തന്നെയായിരിക്കും. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകള്‍. ടൂര്‍ണമെന്റുകള്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളുടെ കാര്യത്തില്‍ സെപ്റ്റംബറിൽ തീരുമാനം എടുക്കും.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: 14 teams to participate in cricket world cup by 2027