Latest News

ലോകകപ്പിന് പുതിയ അവകാശി, പാക്കിസ്ഥാൻ ബൗണ്ടറി കടന്ന് വീണ്ടും ടെസ്റ്റ് ക്രിക്കറ്റ്; 2019ലെ ക്രിക്കറ്റ് വിശേഷങ്ങൾ

എല്ലാ അർഥത്തിലും തിരിച്ചുവരവുകളുടെയും കുതിപ്പുകളുടെയും വർഷമാണ് കടന്നുപോകുന്നത്

2019 cricket, cricket 2019, ക്രിക്കറ്റ്, year ender, ഇന്ത്യൻ ക്രിക്കറ്റ് ടീം, Indian Cricket team, Cricket World Cup 2019, Steve Smith, david warner, virat kohli, ie malayalam, ഐഇ മലയാളം

ക്രിക്കറ്റ് ചരിത്രത്തിൽ വലിയ അടയാളപ്പെടുത്തലുകളുമായാണ് 2019 അവസാനിക്കുന്നത്. എല്ലാ അർഥത്തിലും തിരിച്ചുവരവുകളുടെയും കുതിപ്പുകളുടെയും വർഷമാണ് കടന്നുപോകുന്നത്. ഏകദിന ലോകകപ്പിന് പുതിയ അവകാശികൾ പിറന്ന വർഷം, വിവാദങ്ങൾക്ക് ബാറ്റിലൂടെ തന്നെ മറുപടി നൽകി സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാർണറും കളം നിറഞ്ഞ വർഷം, ടെസ്റ്റ് ക്രിക്കറ്റ് പാക് മണ്ണിലേക്ക് മടങ്ങിയെത്തിയ വർഷം അങ്ങനെ നേട്ടങ്ങളുടെ വലിയ നിരയാണ് 2019ൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പിറന്ന മണ്ണിൽ ‘ഉടയവന്റെ’ കിരീടധാരണം

ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ലോർഡ്സിൽ ആദ്യ കിരീടമുയർത്തി ഇംഗ്ലണ്ട് കുപ്പായത്തിൽ ഇയാൻ മോർഗനും കൂട്ടരും ചരിത്രത്തിലേക്ക് നടന്നുകയറിയതായിരുന്നു 2019ൽ ക്രിക്കറ്റ് ലോകം സാക്ഷിയായ ഏറ്റവും പ്രധാന സംഭവം. 12 ലോകകപ്പ് കാത്തിരിക്കേണ്ടി വന്നു ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാർക്ക് കിരീടം സ്വന്തമാക്കാൻ. 2015 ലോകകപ്പിലെ നാണംകെട്ട പുറത്താകലിനുശേഷം ഏകദിന ക്രിക്കറ്റിൽ ഇത്രയധികം ശ്രദ്ധയോടെ ലക്ഷ്യത്തോടെ പ്രവർത്തിച്ച വേറൊരു ടീമുണ്ടാകില്ല. അതാണ് അവരുടെ കിരീടനേട്ടത്തിൽ അവസാനിച്ചത്.

Also Read: ഇക്കാര്യത്തില്‍ ധോണിയേക്കാള്‍ മിടുക്കന്‍ കോഹ്‌ലിയോ?; ഇഷാന്ത് ശര്‍മ പറയുന്നു

റൗണ്ട് റോബിൻ ഫോർമാറ്റിൽ പത്ത് ടീമുകൾ ഏറ്റുമുട്ടിയ ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ട് നേരിട്ടത് ന്യൂസിലൻഡിനെയായിരുന്നു. സൂപ്പർ ഓവറിലേക്കും അതിലെ അവസാന പന്തിലേക്കും വരെ നീണ്ട ആവേശത്തിനുമൊടുവിലാണ് ലോകകപ്പിന് പുതിയ അവകാശികളെ കണ്ടെത്തിയത്. ഐസിസി നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന ഫൈനൽ എന്നും വിശേഷിപ്പിക്കാം.

തലയുയർത്തി കോഹ്‌ലിപ്പട

ലോകകപ്പ് നേടാനായില്ലെങ്കിലും തലയുയർത്തിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിൽനിന്ന് നാട്ടിലെത്തിയത്. കളിച്ച ഒമ്പത് മത്സരങ്ങളിൽ ഒരു തോൽവി മാത്രമാണ് ഇന്ത്യ വഴങ്ങിയത്. പ്രാഥമിക ഘട്ടത്തിൽനിന്ന് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയ ഇന്ത്യയെ ന്യൂസിലൻഡ് പരാജയപ്പെടുത്തിയതോടെയാണ് കിരീട പ്രതീക്ഷകൾ അവസാനിച്ചത്.

Also Read: കുതിച്ചും കിതച്ചും കായികലോകം; അഭിമാനമായി ഇന്ത്യൻ താരങ്ങളും

എന്നാൽ ബാറ്റിങ്ങിലും ബോളിങ്ങിലുമെല്ലാം ഇന്ത്യൻ താരങ്ങൾ മികവ് പുലർത്തി. രോഹിത് ശർമയുടെ സെഞ്ചുറി വേട്ടയും ഷമിയുടെ ഹാട്രിക് നേട്ടവും ബുംറയുടെ അസ്ത്രംപോലെ കുതിച്ച പന്തുമെല്ലാം ലോകകപ്പിന്റെ അഴകായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും രോഹിത് തന്നെ. ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ഏകദിന – ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾ മുൻനിരയിലുണ്ടായിരുന്നു.

പതിറ്റാണ്ടിനുശേഷം ടെസ്റ്റ് ക്രിക്കറ്റ് പാക്കിസ്ഥാനിലേക്ക്

2009ന് ശേഷം പാക്കിസ്ഥാൻ റെഡ് ബോൾ ക്രിക്കറ്റിന് ആതിഥേയത്വം വഹിച്ചിട്ടില്ല. പതിറ്റാണ്ടിനുശേഷം വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് പാക്കിസ്ഥാനിൽ അരങ്ങേറിയ വർഷം കൂടിയാണ് കടന്നുപോകുന്നത്. ശ്രീലങ്കയാണ് രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്കായി പാക്കിസ്ഥാനിലെത്തിയത്. അബുദാബിയായിയരുന്നു ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ട്. ഇതിനാണ് താൽക്കാലികമായെങ്കിലും മാറ്റമുണ്ടാക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനായത്. ഉടൻ, ഓസ്ട്രേലിയെയും സ്വന്തം മണ്ണിൽ നേരിടാനൊരുങ്ങുകയാണ് പാക്കിസ്ഥാൻ.

മടങ്ങിവരവിൽ വെടിക്കെട്ടുമായി സ്‌മിത്തും വാർണറും

പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് വിലക്ക് നേരിട്ട മുൻ ഓസിസ് നായകൻ സ്റ്റീവ് സ്‌മിത്തും ഉപനായകൻ ഡേവിഡ് വാർണറും രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതും 2019ൽ തന്നെ. ചാരത്തിൽനിന്നായിരുന്നു സ്‌മിത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്. ആഷസ് പരമ്പരയിൽ മാത്രം 700 റൺസിലധികമാണ് സ്‌മിത്ത് അടിച്ചെടുത്തത്. പാക്കിസ്ഥാനെതിരെ ട്രിപ്പിൾ സെഞ്ചുറിയുമായി വാർണറും തിളങ്ങി. ഐപിഎല്ലിലും ഏകദിനത്തിലുമെല്ലാം ഇരുവരും വീണ്ടും കത്തിക്കയറിയപ്പോൾ ടീമുകൾ ജയവും സ്വന്തമാക്കി.

Also Read: 2019 ൽ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ അഞ്ച് വിവാദങ്ങൾ

ക്രീസിനോട് വിടപറഞ്ഞ് ഇതിഹാസങ്ങൾ

ഈ വർഷം നിരവധി താരങ്ങൾ ക്രിക്കറ്റ് മൈതാനത്തോട് വിടപറഞ്ഞു. ശ്രീലങ്കൻ പേസർ ലസിത് മലിംഗ തന്നെയാണ് ഇതിൽ പ്രധാനി. ഏകദിന – ടെസ്റ്റ് ടീമുകളോട് വിടപറഞ്ഞ മലിംഗ ടി20 ടീമിൽ കളിക്കും. ഹാട്രിക്കുകളുടെ രാജകുമാരനായി പേസിന്റെ ഉഗ്ര മൂർത്തിയായി കണ്ടിരുന്ന മലിംഗ ക്രിക്കറ്റ് ലോകത്തിന് വലിയ നഷ്ടം തന്നെയാണ്. എന്നാൽ കുട്ടിക്രിക്കറ്റിൽ ഇനിയും താരത്തെ കാണാൻ സാധിക്കുമെന്നത് ആശ്വാസവും.

പാക്കിസ്ഥാൻ താരം ഷൊയ്ബ് മാലിക്കാണ് ക്രീസ് വിട്ട മറ്റൊരു താരം. ലോകകപ്പിൽനിന്ന് പാക്കിസ്ഥാൻ പുറത്തായതിനു പിന്നാലെയായിരുന്നു മാലിക്കിന്റെ പ്രഖ്യാപനം. യുവരാജ് സിങ്ങും വിരമിക്കൽ പ്രഖ്യാപനം നടത്തി. അവിസ്മരണീയവും ത്രസിപ്പിക്കുന്നതുമായ ഒരുപിടി പ്രകടനങ്ങൾ മൈതാനത്ത് പുറത്തെടുത്ത താരം ഇനി ഐപിഎല്ലിലും ഉണ്ടാകില്ല. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഇമ്രാൻ താഹിർ, ജെപി ഡുമിനി, ഡെയ്ൽ സ്റ്റെയിൻ എന്നിവരും രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞു.

ടെസ്റ്റ് ചാംപ്യൻഷിപ്പ്

ഏകദിന – ടി20 ഫോർമാറ്റുകളിലെ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് ടെസ്റ്റ് ക്രിക്കറ്റിനും ആവശ്യമാണെന്ന ആരാധകരുടെയും താരങ്ങളുടെയും ദീര്‍ഘനാളത്തെ ആവശ്യം സഫലമാക്കിക്കൊണ്ടാണ് ടെസ്റ്റ് ചാംപ്യൻഷിപ്പിന് തുടക്കമായിരിക്കുന്നത്. ഒമ്പത് ടീമുകള്‍ 27 പരമ്പരകളില്‍ നിന്നുമായി 71 മത്സരങ്ങള്‍ കളിക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ്പ് ആരംഭിച്ചതും 2019ൽ തന്നെ. ചാംപ്യൻഷിപ്പിലും ഇന്ത്യൻ ആധിപത്യം തുടരുകയാണ്. മറ്റു ടീമുകളേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. 2019ൽ ആരംഭിച്ചെങ്കിലും ചാംപ്യൻഷിപ്പിന്റെ ഫൈനൽ നടക്കുന്നത് 2021ലാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cricket year ender 2019 round up major incidents

Next Story
മകൾ ആരതി ഉഴിയുന്നത് കണ്ടു, വീട്ടിലെ ടിവി തല്ലിപ്പൊട്ടിച്ചെന്ന് അഫ്രീദിshahid afridi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X