ലോകത്തിലെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. എന്നാൽ ബിസിസിഐയിലെ കോൺട്രാക്ടഡ് കളിക്കാർക്ക് കഴിഞ്ഞ പത്ത് മാസമായി ശമ്പളം ലഭിച്ചിട്ട്. എലൈറ്റ് കോൺട്രാക്ടിലുള്ള വിരാട് കോഹ്‌ലിയും രോഹിത് ശർമയുമടക്കം 27 താരങ്ങൾക്ക് കഴിഞ്ഞ ഒക്ടോബർ മുതലുള്ള ശമ്പളം നൽകാനുണ്ട്. ഇതോടൊപ്പം രണ്ട് ടെസ്റ്റ് മത്സരങ്ങളുടെയും ഒമ്പത് ഏകദിന മത്സരങ്ങളുടെയും എട്ട് ടി20 മത്സരങ്ങളുടെയും മാച്ച് ഫീയും കുടിശ്ശികയാണ്. 2019 ഡിസംബർ മുതലുള്ള മത്സരങ്ങളുടെ മാച്ച് ഫീയാണ് ബിസിസിഐ ഇതുവരെ കൈമാറാത്തത്.

എലൈറ്റ് കോൺട്രാക്ടിലുള്ള 27 താരങ്ങൾക്കുമായി ഒരു വർഷം 99 കോടി രൂപയാണ് ബിസിസിഐയ്ക്ക് ശമ്പള ഇനത്തിൽ നൽകേണ്ടി വരുന്നത്. A+ ഗ്രേഡിൽ വരുന്ന വിരാട് കോഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നീ താരങ്ങൾക്ക് ഏഴ് കോടി രൂപ വീതവും A, B, C കാറ്റഗറിയിലുള്ളവർക്ക് യഥാക്രമം 5 കോടി, 3 കോടി, 1 കോടി എന്നിങ്ങനെയും ലഭിക്കും. ഒരു ടെസ്റ്റ് മത്സരത്തിന് മാച്ച് ഫീയായി 15 ലക്ഷം രൂപയാണ് നൽകുന്നത്. ഏകദിന മത്സരത്തിന് ആറ് ലക്ഷം രൂപയും ടി20 മത്സരങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും താരങ്ങൾക്ക് നൽകാറുണ്ട്.

2018 മാർച്ചിലെ ബാലൻസ് ഷീറ്റ് പ്രകാരം 5526 കോടി രൂപയാണ് ബിസിസിഐയുടെ അക്കൗണ്ടിലുള്ളത്. ഇതിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയ 2992 കോടിയും ഉൾപ്പെടുന്നു. ഇതിന് ശേഷമാണ് സ്റ്റാർ ടിവിയുമായി 6138.1 കോടിയുടെ സംപ്രേഷണ കരാറിലും ബിസിസിഐ ഒപ്പിടുന്നത്.

ഇത്രയും തുക അക്കൗണ്ടിലുണ്ടെങ്കിലും കഴിഞ്ഞ പത്ത് മാസമായി താരങ്ങൾക്കാർക്കും ശമ്പളം ലഭിച്ചട്ടില്ല. ഏകദേശം എട്ടോളം താരങ്ങളാണ് ഇന്ത്യൻ എക്സപ്രസിനോട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനോട് പ്രതികരിക്കാൻ ബിസിസിഐ ട്രഷറർ അരുൺ ധുമാലും തയ്യാറായിട്ടില്ല.

സാധാരണയായി താരങ്ങൾ ഇൻവോയ്സ് അയക്കുകയാണ് പതിവ്. എല്ലാ മൂന്ന് മാസം കൂടുമ്പോഴുമാണ് ഇൻവോയ്സ് അയക്കുന്നത്. ഫസ്റ്റ് ക്ലാസ്, ഏജ് ഗ്രൂപ്പ് താരങ്ങളുടെയും ശമ്പളവും കുടിശികയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook