ഇന്ത്യക്ക് 2011 ലോകകപ്പ് നേടിതരുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് യുവരാജ് സിങ്. തന്റെ ഓൾറൗണ്ട് മികവിലൂടെ ടൂർണമെന്റിലെ താരമായും യുവി അന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ലോകകപ്പിലേക്ക് എത്തുമ്പോഴും മാൻ ഓഫ് ദി സീരിസ് പുരസ്കാരം ഇന്ത്യയിൽ എത്തുമെന്നാണ് യുവരാജ് സിങ് പറയുന്നത്. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയായിരിക്കും പുരസ്കാരം നേടുന്നതെന്ന് യുവരാജ് ട്വിറ്ററിൽ കുറിച്ചു. ഹിറ്റ്മാൻ രോഹിത്തിന്റെ ലോകകപ്പിലെ നാലാം സെഞ്ചുറി പ്രകടനത്തിന് പിന്നാലെയായിരുന്നു യുവരാജിന്റെ കുറിപ്പ്.

“രോഹിത് ശർമ്മ മാൻ ഓഫ് ദി സീരിസ് ട്രോഫിയിലേക്ക് കൂടുതൽ നടന്ന് അടുക്കുന്നു.” ഇങ്ങനെയായിരുന്നു യുവിയുടെ ട്വീറ്റ്. ഇത് ശ്രദ്ധയിൽ പെട്ട മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ യുവരാജിന് മറുപടിയുമായി എത്തി. “ഇംഗ്ലണ്ട് ലോകകപ്പ് ജയിച്ചില്ലെങ്കിൽ മാത്രം” എന്നായിരുന്നു കെവിൻ പീറ്റേഴ്സണിന്റെ ട്രോൾ.

മൈതാനത്ത് തന്റെ പന്തുകളാൽ പീറ്റേഴ്സണിനെ വെള്ളം കുടിപ്പിച്ച യുവി ട്വിറ്ററിൽ ഒറ്റ മറുപടിയിലൂടെ താരത്തെ നിശബ്ദനാക്കി. ആദ്യം യോഗ്യത നേടുക, എന്നിട്ട് ലോകകപ്പ് വിജയത്തെ കുറിച്ച് സംസാരിക്കാമെന്നായിരുന്നു യുവിയുടെ മറുപടി. കിരീടം ആരു നേടുമെന്നല്ല മാൻ ഓഫ് ദി സീരിസ് പുരസ്കാരത്തെ കുറിച്ചാണ് താൻ പറഞ്ഞതെന്നും യുവി കൂട്ടിച്ചേർത്തു.

ഒരും മത്സരം കൂടി അവശേഷിക്കെ ഇന്ത്യ ഇതിനോടകം സെമി ഉറപ്പിച്ചുകഴിഞ്ഞു. എന്നാൽ ഇംഗ്ലണ്ടിന് ഇനിയുള്ള മത്സരം ജയിച്ചാൽ മാത്രമേ സെമിയിലെത്താൻ സാധിക്കൂ. ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് വീണ്ടും സെമി സാധ്യത സജീവമാക്കിയത്.

നാലാം സെഞ്ചുറിയുടെ അകമ്പടിയോടെ ലോകകപ്പ് റൺവേട്ടക്കാരിലും രോഹിത് ഒന്നാമതെത്തി. ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറെ മറികടന്നാണ് രോഹിത്തിന്റെ പ്രകടനം. ഏഴ് ഇന്നിങ്സുകളിൽ നിന്നായി 533 റൺസാണ് രോഹിത് അടിച്ചെടുത്തത്. ഇതിൽ നാല് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും ഉൾപ്പെടുന്നു.

സെഞ്ചുറി വേട്ടയിൽ സാക്ഷാൽ കോഹ്‌ലിയെ മറികടക്കുകയും ചെയ്തു ഇന്ത്യൻ ഉപനായകൻ. 2017 ജനുവരി ഒന്നുമുതൽ 16 സെഞ്ചുറികളാണ് രോഹിത് സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത് 15 സെഞ്ചുറികളും. ഇന്ത്യക്ക് വേണ്ടി 60 ഇന്നിങ്സുകൾ കളിച്ചാണ് രോഹിത് 16-ാം സെഞ്ചുറിയിൽ എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook