മുംബൈ: ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് യുവരാജ് സിങ്. ലോകകപ്പില്‍ സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായതോടെയാണ് യുവരാജ് ടീം മാനേജ്മെന്റിനെതിരെ രംഗത്തെത്തിയത്. ടൂര്‍ണമെന്റിലുടനീളം നന്നായി കളിച്ച ടോപ് ഓര്‍ഡര്‍ തകര്‍ന്ന സെമിയില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.
നാലാം നമ്പറിനെ കുറിച്ചും അമ്പാട്ടി റായിഡുവിന്റെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനത്തെ കുറിച്ചുമായിരുന്നു യുവിയുടെ വിമര്‍ശനം.
”നാലാം നമ്പറില്‍ ടീം മാനേജ്മെന്റ് ആരേയെങ്കിലും പരിശീലിപ്പിച്ച് എടുക്കണമായിരുന്നു. നാലാം നമ്പറില്‍ ആരെങ്കിലും പരാജയപ്പെടുന്നുണ്ടെങ്കില്‍ മാനേജ്മെന്റ് അയാളോട് പറയണം, നീ ലോകകപ്പ് കളിക്കാന്‍ പോവുകയാണെന്ന്. 2003 ലോകകപ്പിന് മുമ്പ് ഞങ്ങള്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ചിരുന്നു. എല്ലാവരും പരാജയപ്പെട്ടു. അതേ ടീം തന്ന ലോകകപ്പിലും കളിച്ചു” യുവരാജ് പറയുന്നു.
”അവര്‍ അമ്പാട്ടി റായിഡുവിനോട് ചെയ്തത് കണ്ട് നില്ക്കാന് ബുദ്ധിമുട്ടുണ്ടായിരുന്നു. ലോകകപ്പ് ടീമിലേക്കുള്ള മത്സരത്തില്‍ അവനുമുണ്ടായിരുന്നു. ന്യൂസിലന്‍ഡില്‍ നന്നായി കളിച്ചിരുന്നു. എന്നിട്ടും മൂന്നോ നാലോ മോശം ഇന്നിങ്സിന്റെ പേരില്‍ പുറത്തായി. പിന്നീട് പന്ത് വന്നു, അവന് പുറത്തായി. നാലാം നമ്പര്‍ ഏകദിനത്തില്‍ ഏറെ പ്രധാനപ്പെട്ട സ്ഥാനമാണ്. അവിടെ ആരെങ്കിലും നന്നായി കളിക്കണമെങ്കില്‍ അയാള്‍ക്ക് മതിയായ പിന്തുണ നല്‍കണം” മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിനിടെ ശിഖര്‍ ധവാനും വിജയ് ശങ്കറും പരുക്ക് മൂലം പുറത്തായപ്പോള്‍ ഋഷഭ് പന്തിനും മായങ്ക് അഗര്‍വാളിനുമാണ് അവസരം കിട്ടിയത്. ഇതിന് പിന്നാലെയായിരുന്നു റായിഡു താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.