സെമി ഫൈനല്‍ പ്രവേശനം സംശയത്തിലായ പാക്കിസ്ഥാന്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും. പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ ഭീമന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് സെമി ബെര്‍ത്ത് സ്വന്തമാക്കാം. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിനാണ് മത്സരം. ഇന്നലത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചതോടെ പാക്കിസ്ഥാന്റെ സെമിഫൈനൽ പ്രവേശനം ഏറെക്കുറെ അസാധ്യമായി. നാലാം സെമി സ്ലോട്ട് ന്യൂസിലൻഡ് ഉറപ്പിച്ചു.

ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്താൽ സാധ്യത പോലുമില്ലാതെ പാക്കിസ്ഥാൻ പുറത്താവും. പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്താൽ 350 എടുത്തിട്ട് ബംഗ്ലാദേശിനെ 311ന് തോല്പിക്കണം. 400 എടുത്താൽ 316നും 450 എടുത്താൽ 321 റൺസിനും ജയിച്ചാൽ മാത്രമേ പാക്കിസ്ഥാൻ സെമിയിൽ പ്രവേശിക്കൂ. കടുത്ത പാക്കിസ്ഥാൻ ആരാധകർ പോലും ഈ സാധ്യതകൾക്ക് വില കൽപിക്കുന്നില്ല.

Read More: സെമിയിലെത്തിയാൽ പാക്കിസ്ഥാൻ അപകടകാരികളാണ്; ഇതിഹാസ താരം പറയുന്നു

എന്നാല്‍ വിജയിക്കാനായാണ് തങ്ങള്‍ വന്നതെന്ന് നായകന്‍ സർഫ്രാസ് പറഞ്ഞു. ‘അവസാന മത്സരം വിജയിക്കാന്‍ പരമാവധി ശ്രമിക്കും. അള്ളാഹു സഹായിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കാം. ഇത് അവസാന മത്സരം അല്ലാതെയാവാം. അസാധ്യമായ ഒന്നും ഇല്ലെന്നാണ്. ഇപ്പോള്‍ എത്ര മാര്‍ജിനില്‍ ജയിക്കണം എന്നല്ല നോക്കുന്നത്. പകരം വിജയിക്കാന്‍ മാത്രമാണ്,’ സർഫ്രാസ് പറഞ്ഞു.

സ്ഥിരതയില്ലായ്മയാണ് പ്രധാന വെല്ലുവിളി. മധ്യനിരയിലെ ബാബര്‍ അസം മാത്രമാണ് വിശ്വസ്തനായ ബാറ്റ്‌സ്മാന്‍, ഓപ്പണിങ്ങില്‍ ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും ഒറ്റപ്പെട്ട മികച്ച പ്രകടനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ പരാജയമാണ്. മധ്യനിരയില്‍ ക്യാപ്റ്റന്‍ സർഫ്രാസിനും ഹഫീസിനും കാര്യമായ പ്രകടനങ്ങള്‍ നടത്താനായിട്ടില്ല. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ബംഗ്ലാദേശ് വിജയത്തോടെ നാട്ടിലേക്ക് മടങ്ങാനാകും ശ്രമിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook