scorecardresearch

ലോകകപ്പില്‍ ഇന്ന് വമ്പന്‍ പോരാട്ടം; ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും

മത്സരം നടക്കേണ്ട ഓവലില്‍ ഞായറാഴ്‌ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്

World Cup 2019, ലോകകപ്പ് ക്രിക്കറ്റ് 2019, India vs Australia, ഇന്ത്യ, ഓസ്ട്രേലിയ, England, ഇംഗ്ലണ്ട്, Rain, മഴ, ie malayalam

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. കിരീട സാധ്യത മുന്നിലുളള രണ്ട് വമ്പന്‍ ടീമുകാളാണ് ഇന്ത്യയും ഓസീസും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ വിജയത്തോടെയാണ് ഇന്ത്യ എത്തുന്നത്. ഇന്ത്യന്‍ നിരയില്‍ ഇന്ന് മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്.

വിരാട് കോഹ്‌ലിയും സംഘവും ആരോണ്‍ ഫിഞ്ചിന്റെ കങ്കാരുപ്പടയെ നേരിടുമ്പോള്‍ 2015 ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിയുടെ കണക്ക് തീര്‍ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ വീഴ്ത്തിയ ഇന്ത്യ കിരീടം ചൂടിയപ്പോള്‍, 2015 ലെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കങ്കാരുക്കളും കിരീടം കൊണ്ടായിരുന്നു ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഓസീസിന് മുന്നില്‍ അത്ര നല്ല റെക്കോര്‍ഡല്ല ഇന്ത്യയ്ക്കുള്ളത്. ലോകകപ്പില്‍ ഇതുവരെ പതിനൊന്നു തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണയും കങ്കാരുക്കളായിരുന്നു വിജയിച്ചത്. മത്സരം നടക്കേണ്ട ഓവലില്‍ ഞായറാഴ്‌ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മത്സരദിവസം ചെറിയ തോതിലുള്ള മഴയ്‌ക്ക് സാധ്യത കൂടുതലാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read More: സിക്സ് വേട്ടയിലും ഗെയ്‌ലാട്ടം; ലോകകപ്പ് വേദിയിൽ റെക്കോർഡ് നേട്ടവുമായി വിൻഡീസ് താരം

ലണ്ടനില്‍ എത്തിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും വെള്ളിയാഴ്‌ച ആദ്യ പരിശീലനം നടത്താനായില്ല. മഴ കനത്തതോടെ അധികൃതര്‍ ഗ്രൗണ്ട് മൂടി. ഇതോടെ ഹോട്ടല്‍ മുറിയില്‍ സമയം കളയുകയായിരുന്നു താരങ്ങള്‍.
ഓസ്‌ട്രേലിയന്‍ ടീമിനും പരിശീലനം നടത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്‌ചയും മഴ തുടരുകയാണെങ്കിൽ ഓവലിനടുത്തുള്ള ഇൻഡോർ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്നാണ് അറിയുന്നത്. മഴ ശക്തമായാല്‍ ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം തടസപ്പെടുമെന്ന് വ്യക്തമാണ്.

പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. തുടക്കം മുതല്‍ മഴ ആയതിനാല്‍ പല വട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചു. ഗ്രൌണ്ട് മത്സരയോഗ്യമല്ലെന്നു കണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സമയം 8.15 ഓടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: World cup head to head india vs australia