ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡിനെ തകര്‍ത്ത് ഇംഗ്ലണ്ട് ആണ് ക്രിക്കറ്റിലെ ലോകചാമ്പ്യന്മാരായത്. ന്യൂസിലൻഡ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു.

‘അളളാഹു തങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു’ എന്നാണ് മത്സരശേഷം ഇംഗ്ലീഷ് നായകന്‍ ഒയിന്‍ മോര്‍ഗന്‍ പറഞ്ഞത്. കന്നി കീരിടം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളേക്കാള്‍ നന്നായി കളിച്ച് വരികയായിരുന്നു ന്യൂസിലൻഡ് ഈ ടൂര്‍ണമെന്റില്‍. പക്ഷെ ഞങ്ങള്‍ക്ക് എന്തോ ഭാഗ്യം കൂടെ ഉണ്ടായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിലൊക്കെ ന്യൂസിലൻഡ് മികച്ച രീതിയില്‍ കളിച്ചു. ഇന്ത്യക്കെതിരായ സെമി ഫൈനലിലും ഗംഭീര പോരാട്ടം നടത്തി. ഇന്ത്യ വളരെ ശക്തമായ ടീമാണ് എന്നത് ഓര്‍ക്കണം,’ മോര്‍ഗന്‍ പറഞ്ഞു.

‘അളളാഹു ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ ആദില്‍ റാഷിദിനോട് സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞത് അളളാഹു എന്തായാലും നമ്മുടെ കൂടെ ഉണ്ടെന്നാണ്. ഞാനും പറഞ്ഞു നമ്മുടെ കൂടെ എന്തോ ഒരു ഭാഗ്യം ഉണ്ടായിരുന്നെന്ന്,’ മോര്‍ഗന്‍ വ്യക്തമാക്കി.

Read More: വിശ്വകിരീടം തറവാട്ടുകാർക്ക്; നന്ദി ന്യൂസിലന്‍ഡ്, ഇതുപോലൊരു ഫെെനലിന്…

അയര്‍ലൻഡില്‍ ജനിച്ചയാളാണ് മോര്‍ഗന്‍. ബെന്‍ സ്റ്റോക്സ് ആണെങ്കില്‍ ന്യൂസിലൻഡുകാരനാണ്. ആദില്‍ റാഷിദും മൊയീന്‍ ഏലിയും പാക്കിസ്ഥാനില്‍ വേരുളളവരാണ്. ജൈസണ്‍ റോയ് ദക്ഷിണാഫ്രിക്കക്കാരനുമാണ്.

86 റണ്‍സില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറുന്ന ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്സും ചേര്‍ന്നാണ് കര കയറ്റിയത്. ഇരുവരും അർധ സെഞ്ചുറികള്‍ നേടി. ആവേശരകമായ അവസാന സൂപ്പര്‍ ഓവര്‍. ജിമ്മി നീഷമും മാര്‍ടിന്‍ ഗപ്റ്റിലും ക്രീസില്‍. ന്യൂസിലൻഡും 15 റണ്‍സ് എടുത്തു. പക്ഷെ, ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍. ലോക്കി ഫെര്‍ഗുസന്‍, നീഷാം എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഗ്രാന്‍റ്ഹോം, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. വില്യംസണും (30) നിക്കോള്‍സും (55) അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ ടോം ലാതമും (47) മാത്രമാണ് ന്യൂസിലൻഡ് നിരയില്‍ ഭേദപ്പെട്ട സ്കോര്‍ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook