കാര്‍ഡിഫ്:ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുത്തു. ഒടുവില്‍ ലഭിച്ച വിവരം പ്രകാരം അഫ്ഗാനിസ്ഥാന്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 39 റണ്‍സെടുത്തിട്ടുണ്ട്.

പോയന്റ് പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും. നാലുകളില്‍ ഒരെണ്ണം മഴയെടുത്തപ്പോള്‍ കിട്ടിയ ഒരു പോയന്റാണ് ദക്ഷിണാഫ്രിക്കയുടെ ആകെ സമ്പാദ്യം. കളിച്ച മൂന്ന് കളികളില്‍ ഒന്നു പോലും ജയിക്കാന്‍ ആവാത്തവരാണ് അഫ്ഗാനുകാര്‍.

സെമിയിലെത്താതെ പുറത്താകപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടാനുള്ള അവസരമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ മത്സരം. പോട്രിയാസ് ആദ്യ വിജയം ലക്ഷ്യമിടുമ്പോള്‍ അട്ടിമറി മോഹങ്ങളുമായാണ് അഫ്ഗാന്‍ എത്തുന്നത്. കണക്കില്‍ അഫ്ഗാനാണ് കുഞ്ഞന്മാരെങ്കിലും ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അഫ്ഗാനെ അനായാസം പരാജയപ്പെടുത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കില്ല.

അതേസമയം, അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന് മുമ്പുണ്ടായിരുന്ന പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം കാഴ്ചവച്ചിട്ടുമില്ല. ഓപ്പണര്‍ മുഹമ്മദ് ഷെഹ്‌സാദിന്റെ പുറത്താകലിനെ ചൊല്ലിയുള്ള വിവാദവും അഫ്ഗാനെ അലട്ടുന്നുണ്ട്. സൂപ്പര്‍ താരം റാഷിദ് ഖാനില്‍ നിന്നും അത്ഭുതങ്ങളൊന്നും കാണാനും സാധിച്ചിട്ടില്ല.

ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് എന്നൊരു സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്. നേരത്തെ രണ്ട് ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ടിലും ജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമായിരുന്നു.

മോശം ഫോമും താരങ്ങളുടെ പരുക്കുമെല്ലാം ദക്ഷിണാഫ്രിക്കയെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. അതോടൊപ്പം തങ്ങള്‍ക്ക് എന്നും ഭീഷണിയായ മഴയുടെ പേടിയും അവര്‍ക്കുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook