കണക്കിലെ തോൽവികളെല്ലാം മാറ്റിവച്ച് കിരീട പ്രതീക്ഷയോടെ തന്നെയാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ വിൻഡീസിന് മുന്നിൽ തകർന്നടിയാനായിരുന്നു പാക്കസ്ഥാന്റെ വിധി. ടോസിൽ തന്നെ പിഴച്ച പാക്കിസ്ഥാന് വിൻഡീസിന് മുന്നിൽ ഒന്ന് പൊരുതി നിൽക്കാൻ പോലും സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് പകുതി ഓവറുകൾ പോലും തികച്ച് ബാറ്റ് ചെയ്യാൻ പാക്കിസ്ഥാന് സാധിച്ചില്ല. 21.4 ഓവറിൽ 105 റൺസ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. മറുപടി ബാറ്റിങ്ങിൽ 13.4 ഓവറിൽ വിൻഡീസ് വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
Also Read: എറിഞ്ഞ് വീഴ്ത്തി ഓഷേൻ, അടിച്ച് തീർത്ത് ഗെയ്‌ൽ; പച്ചതൊടാതെ പാക്കിസ്ഥാൻ
പാക്കിസ്ഥാൻ നിരയിൽ നാല് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അതിൽ ഒരാൾ പത്താമനായി എത്തിയ വഹാബ് റിയാസും. നാണക്കേടിന്റെ ഒരുപിടി റെക്കോർഡുകളുമായാണ് പാക്കിസ്ഥാൻ കളം വിട്ടത്.
ലോകകപ്പിലെ പാക്കിസ്ഥാന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് നോട്ടിങ്ഹാമിൽ പിറന്നത്. പാക്കിസ്ഥാൻ തന്നെ കിരീടം ഉയർത്തിയ 1992 ലോകകപ്പിലായിരുന്നു അവരുടെ ഏറ്റവും ചെറിയ സ്കോർ. ഇംഗ്ലണ്ടിനെതിരെ അന്ന് 74 റൺസിനാണ് പാക്പട പുറത്തായത്.
ബോളുകൾ ബാക്കിവന്ന കണക്കിലും പാക്കിസ്ഥാന്റെ ഏറ്റവും നാണംകെട്ട തോൽവിയാണ് ഇന്നത്തേത്. 218 ബോളുകൾ ബാക്കി നിൽക്കെയാണ് വിൻഡീസ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. 1999ൽ 179 ബോളുകൾ അവശേഷിക്കെ ഓസ്ട്രേലിയയോട് ഏറ്റുവാങ്ങിയ പരാജയമാണ് ഇതിന് മുമ്പുള്ള ഏറ്റവും വലിയ മാർജിനിലുള്ള തോൽവി.
Also Read: സിക്സ് വേട്ടയിലും ഗെയ്‌ലാട്ടം; ലോകകപ്പ് വേദിയിൽ റെക്കോർഡ് നേട്ടവുമായി വിൻഡീസ് താരം
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ 21മത്തെ സ്കോറാണ് പാക്കിസ്ഥാൻ ഇന്ന് സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ കണക്കെടുത്താൽ എട്ടാമത്തെ ചെറിയ സ്കോറും.
ലോകകപ്പിലെ പാക്കിസ്ഥാന്റെ ഏറ്റവും ചെറിയ ഇന്നിങ്സും ഇന്നത്തേത് തന്നെ. 40.2 ഓവറായിരുന്നു 74 റൺസ് മാത്രം നേടിയ 1992 ലോകകപ്പിൽ പാക്കിസ്ഥാൻ ബാറ്റ് ചെയ്തത്. ഇത്തവണ പാക്കിസ്ഥാൻ ഇന്നിങ്സിന്റെ ആയുസ് 21.4 ഓവറുകൾ മാത്രമായിരുന്നു.’
Also Read: ഓഷേൻ തിരമാലയിൽ മുങ്ങി പാക്കിസ്ഥാൻ; 105 റൺസിന് പുറത്ത്
ബാറ്റിങ്ങിലും ബോളിങ്ങിലും വിൻഡീസ് ആധിപത്യം പുലർത്തിയപ്പോൾ ഏഴ് വിക്കറ്റിനായാരുന്നു കരീബിയൻ പടയുടെ ജയം. ഗെയ്‌ലിന്റെ അർധസെഞ്ചുറിയും ഓഷേൻ തോമസിന്റെ നാല് വിക്കറ്റ് പ്രകടനവും പാക്കിസ്ഥാൻ സ്വപനങ്ങൾ തല്ലി കെടുത്തി. പാക്കിസ്ഥാൻ ഉയർത്തിയ 106 റൺസെന്ന ചെറിയ സ്കോർ വിൻഡീസ് അനായാസം മറികടക്കുകയായിരുന്നു. ബോളിങ്ങിലും ബാറ്റിങ്ങിലും സമ്പൂർണ ആധിപത്യം തുടരുകയാണ് വിൻഡീസ് നിര.