ലണ്ടന്‍: ”ഞാനൊരു പേസ് ബോളറാണ്” തന്റെ ബാറ്റിങ് കരുത്തിനെ കുറിച്ച് മാത്രം പറയുന്നവരോട് ഇന്നലെ റസല്‍ വിളിച്ചു പറഞ്ഞു. പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ലോകകപ്പിന് ആവേശകരമായ തുടക്കമാണ് വിന്‍ഡീസ് കുറിച്ചത്. വിന്‍ഡീസ് പേസര്‍മാരുടെ കരുത്ത് കണ്ട മത്സരത്തില്‍ റസല്‍ നേടിയത് നാല് റണ്‍സ് നഷ്ടത്തില്‍ രണ്ട് വിക്കറ്റാണ്.
”എല്ലാവരും പറയുന്നത് ഞാന്‍ ടീമിലെത്തിയത് ഒരു പവര്‍ ഹിറ്റിങ് ബാറ്റ്സ്മാനായിട്ടാണെന്നാണ്. പക്ഷെ ഞാനൊരു ഫാസ്റ്റ് ബോളര്കൂടിയാണെന്നത് അവര്‍ മറക്കുന്നു” മത്സരശേഷം റസല്‍ പറഞ്ഞു. ”അവരെന്നെ വിലകുറച്ച് കാണുന്നതായി എനിക്ക് തോന്നുന്നു. മുമ്പ് ആളുകള്‍ എന്നെ മീഡിയം പേസര്‍ എന്ന് വിളിക്കുമ്പോള്‍ എനിക്ക് അസൂയ തോന്നുമായിരുന്നു. സ്ക്രീനില്‍ ആന്ദ്രേ റസല്‍, മീഡിയം പേസര്‍ എന്നെഴുതി കാണിക്കുമ്പോള്‍ ദേഷ്യം പിടിക്കും” റസല്‍ കൂട്ടിച്ചേര്‍ക്കുന്നു.
”സത്യത്തില്‍ എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട്. ആ മീഡിയം പേസര്‍ എന്നത് ഫാസ്റ്റ് ബോളർ എന്നാകണം.” റസല്‍ മനസ് തുറന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിക്സുകളും ഫോറുകളും അനായാസം അടിച്ചു കൂട്ടിയ താരത്തിന് അതിവേഗത്തില്‍ തന്നെ പന്തെറിയാനും സാധിക്കുന്നതാണ്. ആ പേസുകള്‍ നമ്മളൊരുപാട് കണ്ടതുമാണ്.
”എനിക്ക് 90 mph വേഗത്തില്‍ പന്തെറിയാനാകുമെന്ന് ഞാനവര്‍ക്ക് കാണിച്ചു കൊടുത്തു. എന്നെ അവര്‍ കുറച്ചെങ്കിലും ബഹുമാനിക്കണം. ഇതുപോലൊരു ബൗണ്സിയായിട്ടുള്ള പിച്ച് കാണുമ്പോള്‍ നല്ല വേഗത്തില്‍ പന്തെറിയാന്‍ തോന്നും, ആവേശം തോന്നും” റസല്‍ പറഞ്ഞു.
വിന്‍ഡീസിന് മുന്നില്‍ തകര്‍ന്നടിയാനായിരുന്നു പാക്കിസ്ഥാന്റെ വിധി. ടോസില്‍ തന്നെ പിഴച്ച പാക്കിസ്ഥാന് വിന്‍ഡീസിന് മുന്നില്‍ ഒന്ന് പൊരുതി നില്ക്കാന് പോലും സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് പകുതി ഓവറുകള്‍ പോലും തികച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. 21.4 ഓവറില്‍ 105 റണ്‍സ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. മറുപടി ബാറ്റിങ്ങില്‍ 13.4 ഓവറില്‍ വിന്‍ഡീസ് വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
പാക്കിസ്ഥാന് നിരയില്‍ നാല് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അതില്‍ ഒരാള്‍ പത്താമനായി എത്തിയ വഹാബ് റിയാസും. നാണക്കേടിന്റെ ഒരുപിടി റെക്കോര്‍ഡുകളുമായാണ് പാക്കിസ്ഥാന് കളം വിട്ടത്.
ലോകകപ്പിലെ പാക്കിസ്ഥാന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് നോട്ടിങ്ഹാമില്‍ പിറന്നത്. പാക്കിസ്ഥാന് തന്നെ കിരീടം ഉയര്‍ത്തിയ 1992 ലോകകപ്പിലായിരുന്നു അവരുടെ ഏറ്റവും ചെറിയ സ്കോര്‍. ഇംഗ്ലണ്ടിനെതിരെ അന്ന് 74 റണ്‍സിനാണ് പാക്പട പുറത്തായത്.