കാര്‍ഡിഫ്: പാക്കിസ്ഥാനോട് അപ്രതീക്ഷിതമായ തോറ്റിടത്തു നിന്നും വീരോചിതമായി തന്നെ തിരിച്ചു വന്നിരിക്കുകയാണ് ഇംഗ്ലണ്ട്. ബംഗ്ലാദേശിനെ 106 റണ്‍സിന് തകര്‍ത്താണ് ഇംഗ്ലണ്ട് ഒരിക്കല്‍ കൂടി തങ്ങളുടെ ശക്തി വെളിപ്പെടുത്തിയത്. ജെയ്‌സണ്‍ റോയിയുടെ 153 റണ്‍സിന്റെ കരുത്തില്‍ 386 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെ മോരന്‍ഗനും സംഘവും പുതിയൊരു റെക്കോര്‍ഡും രേഖപ്പെടുത്തി.
തുടര്‍ച്ചയായ ഏഴാമത്തെ മത്സരത്തിലാണ് ഇംഗ്ലണ്ട് 300 ല്‍ കൂടുതല്‍ റണ്‍സ് നേടുന്നത്. ഒരു ടീം തുടര്‍ച്ചയായി ഏഴു മത്സരങ്ങളില്‍ 300 ല്‍ പരം റണ്‍സ് നേടുന്നത് ഇതാദ്യമായാണ്. നേരത്തെ ഓസ്‌ട്രേലിയയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ഇംഗ്ലണ്ട് ആറ് മത്സരങ്ങളില്‍ തുടര്‍ച്ചയായി 300 ല്‍ പരം റണ്‍സ് നേടിയിരുന്നു. 2007 ലായിരുന്നു ഓസ്‌ട്രേിലയയുടെ ഈ നേട്ടം.
ലോകകപ്പില്‍ ഇംഗ്ലണ്ട് നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബംഗ്ലാദേശിനെതിരെ ഇന്നലെ നേടിയ 386 റണ്‍സ്. നേരത്തെ ഇന്ത്യയ്‌ക്കെതിരെ 2011 ല്‍ നേടിയ 338 റണ്‍സിനായിരുന്നു ഈ റെക്കോര്‍ഡ്. ബംഗ്ലാദേശിനെതിരെ ലോകകപ്പില്‍ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണിത്. 2011 ല്‍ ഇന്ത്യ നേടിയ 370 റണ്‍സാണ് ഇതോടെ പഴങ്കഥയായത്.
കഴിഞ്ഞ ലോകകപ്പില്‍ തങ്ങള്‍ക്ക് നാണം കെട്ട പുറത്താകല്‍ സമ്മാനിച്ച ബംഗ്ലാദേശിനുള്ള ഇംഗ്ലണ്ടിന്റെ മറുപടിയായി മാറി ഈ വിജയം. രണ്ട് സെഞ്ചുറികള്‍ പിറന്ന മത്സരത്തില്‍ ബംഗ്ലാദേശ് പൊരുതിയാണ് വീണത്. 280 റണ്‍സിന് ബംഗ്ലാദേശ് പുറത്താക്കുകയായിരുന്നു.
സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു ബംഗ്ലാദേശ് ഇന്നിങ്സിന്റെ പ്രധാന്യം. ഷാക്കിബ് 119 പന്തില്‍ 121 റണ്‍സ് നേടി പുറത്തായി. 12 ഫോറുകളും ഒരു സിക്സും ഷാക്കിബ് അടിച്ചു. മുഷ്ഫിഖൂര്‍ റഹീമാണ് ഷാക്കിബിന് മികച്ച പിന്തുണ നല്‍കിയത്. 50 പന്തുകളില്‍ നിന്നും 44 റണ്‍സുമായാണ് റഹീം പുറത്തായത്. മഹമ്മദുള്ള 28 റണ്‍സും മൊസാദെക് ഹൊസൈന്‍ 26 റണ്‍സും കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിന് എത്താവുന്നതിലും അപ്പുറത്തായിരുന്നു വിജയലക്ഷ്യം.
മൂന്ന് വിക്കറ്റുകള്‍ നേടിയ ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സുമാണ് ഇംഗ്ലണ്ട് ബോളര്‍മാരില്‍ താരങ്ങള്‍. മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റും റഷീദും പ്ലങ്കറ്റും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
നേരത്തെ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഓപ്പണര്‍മാരായ ജെയ്സണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 128 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ബെയര്‍സ്റ്റോ 51 റണ്‍സെടുത്ത് പുറത്തായി. മെഹ്ദി ഹസന്റെ ക്യാച്ചില്‍ നായകന്‍ മഷ്റഫെ മൊര്‍ത്താസയാണ് ബെയര്‍സ്റ്റോയെ പുറത്താക്കിയത്. 50 പന്തില്‍ നിന്നുമാണ് ബെയര്‍സ്റ്റോ 51 റണ്‍സെടുത്തത്.