ഓവല്‍: പരുക്കേറ്റ ശിഖര്‍ ധവാനെ നാട്ടിലേക്ക് അയച്ച് പകരം മറ്റൊരു താരത്തെ ലോകകപ്പില്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുമ്പ് ഉണ്ടായ ധാരണ. എന്നാല്‍ താരത്തിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചില്ല. ധവാന് മൂന്ന് ആഴ്ചത്തെ വിശ്രമം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

ധവാന്റെ സേവനം ലോകകപ്പിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയ്ക്ക് ആവശ്യമാണെന്നും അതിനാലാണ് താരത്തെ മടക്കി അയക്കാത്തതെന്നും വിരാട് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയായിരുന്നു ധവാന് പരുക്കേല്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിന്റെ പന്ത് തള്ളവിരലിന് കൊള്ളുകയായിരുന്നു. മത്സരത്തില്‍ ധവാന്‍ സെഞ്ചുറി നേടിയെങ്കിലും താരത്തിന് പിന്നീട് ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങാന്‍ സാധിച്ചില്ല. ധവാന്റെ പകരക്കാരനെ പ്രഖ്യാപിക്കുന്നതിന് പകരം കവറായ ഋഷഭ് പന്തിനോട് ഇംഗ്ലണ്ടിലേക്ക് എത്താന്‍ അറിയിക്കുകയായിരുന്നു ബിസിസിഐ.

”അവന്‍ പെട്ടെന്ന് സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിന്റെ രണ്ടാം പകുതിയിലും സെമികളിലും കളിക്കാനാകും. അതുകൊണ്ടാണ് അവനെ നിലനിര്‍ത്തിയത്. അവന് കളിക്കണം, ആ മനോഭാവം പരുക്കില്‍ നിന്നും വേഗം മടങ്ങി വരാന്‍ സഹായിക്കും” ന്യൂസിലന്‍ഡിനെതിരായ മത്സരശേഷം വിരാട് പറഞ്ഞു.

അതേസമയം, പരുക്ക് ധവാന്റെ ബാറ്റിങ്ങിനെ മാത്രമല്ല ഫീല്‍ഡിങ്ങിനെയും ബാധിക്കുമെന്നാണ് ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധര്‍ പറയുന്നത്. ത്രോയിങ് പ്രശ്‌നമായേക്കില്ല. കാരണം ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ആണെങ്കിലും ധവാന്‍ വലങ്കയ്യനാണ്. പക്ഷെ ക്യാച്ച് ചെയ്യുന്നതിലും മറ്റും ബുദ്ധിമുട്ടുണ്ടാകും. ധവാന്‍ സ്ലിപ്പ് ഫീല്‍ഡറാണ്.

ധവാന്റെ അഭാവത്തില്‍ കെ.എല്‍.രാഹുലായിരിക്കും ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുക എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, നാലാം നമ്പറില്‍ ആരിറങ്ങും എന്നതില്‍ വ്യക്തമായൊരു ഉത്തരം ലഭിച്ചിട്ടില്ല. ഇന്നലത്തെ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. രണ്ട് ടീമും ഓരോ പോയന്റ് വീതം പങ്കിട്ടെടുത്തു. ജൂണ്‍ 16 ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ധവാന് പകരം ദിനേശ് കാര്‍ത്തിക്കിനെയോ വിജയ് ശങ്കറെയോ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook