ലോര്‍ഡ്‌സ്: മുന്‍ നായകനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ലോകകപ്പ് കഴിയുന്നതോടെ വിരമിക്കല്‍ പ്രഖ്യാപിക്കുമോ? അതെ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്നും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ബിസിസിഐ വൃത്തങ്ങളും മറ്റും വിരമിക്കല്‍ സൂചന നല്‍കുന്നുണ്ട്.

ലോകകപ്പില്‍ ഇതുവരെയുള്ള ധോണിയുടെ പ്രകടനങ്ങളും താരം നല്‍കുന്ന സൂചനകളും വിരമിക്കലിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഈ ലോകകപ്പോടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരില്‍ ഒരാള്‍ കളി മതിയാക്കും.

ലോകകപ്പില്‍ തന്റെ ബാറ്റില്‍ പോലും ധോണി വിരമിക്കലിന്റെ സൂചന നല്‍കുന്നുണ്ടെന്നാണ് ഇപ്പോള്‍ ചിലര്‍ വിലയിരുത്തുന്നത്. പൊതുവെ തന്റെ വികാരങ്ങള്‍ പുറത്ത് കാണിക്കുന്ന ശീലം ധോണിക്കില്ല. വാക്കുകളേക്കാള്‍ നിശബ്ദമായ ആക്ഷനിലൂടെയായിരിക്കും ധോണി പറയാനുള്ളത് പറയുക. ഈ ലോകകപ്പില്‍ തന്റെ വിരമിക്കലിന്റെ സൂചന ധോണി നല്‍കുന്നത് തന്റെ ബാറ്റുകളിലൂടെയാണ്.

ഇന്ത്യയുടെ ഇതുവരെയുള്ള കളികള്‍ ശ്രദ്ധിച്ചാല്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. ഓരോ കളിക്കും ധോണി ഉപയോഗിച്ചത് വ്യത്യസ്തമായ ബാറ്റുകളാണ്. തന്റെ കരിയറിലുടനീളം സ്‌പോണ്‍സര്‍ ചെയ്ത ബ്രാന്റുകളുടെ ബാറ്റുകളാണിത്. എസ്.ജി മുതല്‍ ബാസ് വരെയുള്ള ബാറ്റുകള്‍ ധോണി ഇതുവരെ ഉപയോഗിച്ചു. മുംബൈ മിററിന്റെ റിപ്പോര്‍ട്ട് പ്രകാരം ധോണിയുടെ അടുത്ത സുഹൃത്തും മാനേജരുമായ അരുണ്‍ പാണ്ഡെ പറയുന്നത് തന്നെ ഇതുവരെ പിന്തുണച്ചവര്‍ക്കുള്ള നന്ദി പറയുകയാണ് ധോണി എന്നാണ്.

”ധോണി വേറെ വേറെ ബ്രാന്റുകളുടെ വേറെ വേറെ ബാറ്റുകളാണ് കളിക്കാന്‍ ഉപയോഗിക്കുന്നത്. അവരില്‍ നിന്നും കാശും വാങ്ങുന്നില്ല. അവര്‍ക്ക് നന്ദി പറയാന്‍ അവന്‍ ആഗ്രഹിക്കുന്നു” പാണ്ഡെ പറയുന്നു. ”അവന് കാശിന്റെ ആവശ്യമില്ല. അത് ധാരാളമുണ്ട്. ആ ബാറ്റുകള്‍ കൊണ്ട് കളിക്കുന്നത് ഒരു സന്ദേശമാണ്. ബാസ് അവന്റെ തുടക്കം മുതല്‍ ഒപ്പമുണ്ട്. എസ്ജിയും നല്ല പിന്തുണ നല്‍കിയിരുന്നു.” പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook