സതാംപ്ടണ്‍: ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകുന്നു. തള്ളവിരലിന് പരുക്കേറ്റ ധവാന് മൂന്ന് ആഴ്ചത്തെ വിശ്രമമാണ് നിർദേശിച്ചിട്ടുള്ളത്. അതിനാല്‍ ധവാന് പകരം ആരെയാകും ഇന്ത്യന്‍ ടീമിലേക്ക് എത്തിക്കുക എന്ന ആശങ്കയിലാണ് ടീം ഇപ്പോള്‍.

നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഋഷഭ് പന്തിന്റെ പേരാണ് ഉയര്‍ന്നു വരുന്നത്. അങ്ങനെയെങ്കില്‍ നാലാമനായി ഇറങ്ങുന്നതിന് പകരം കെ.എല്‍.രാഹുലിനെ ഓപ്പണ്‍ ചെയ്യിക്കാനായിരിക്കും ടീമിന്റെ തീരുമാനം.

അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍ ശ്രേയസ് അയ്യരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സ്‌പെഷ്യലിസ്റ്റ് നാലാം നമ്പര്‍ ആണെന്നതാണ് അയ്യരുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. ധവാന്‍ നാട്ടിലേക്ക് മടങ്ങിയില്ലെങ്കില്‍ രാഹുലിനെ ഓപ്പണില്‍ ഇറക്കി വിജയ് ശങ്കറിനെ നാലാം സ്ഥാനത്തും ഇറക്കാനായിരിക്കും തീരുമാനം. ആ സാഹചര്യത്തില്‍ പന്തിന് വിളി വരണമെന്നില്ല.

ലോകകപ്പ് ടീമില്‍ നിന്നും പന്തിനെ ഒഴിവാക്കിയതിനെതിരെ നേരത്തെ ആരാധകരും ഇതിഹാസ താരങ്ങളും രംഗത്തെത്തിയിരുന്നു. പന്തും തന്റെ വിഷമം രേഖപ്പെടുത്തിയിരുന്നു. പന്തിനും ശ്രേയസിനും പുറമെ റായിഡു, മായങ്ക് അഗർവാള്‍ തുടങ്ങിയവരുടെ പേരുകളും സാധ്യത കല്‍പ്പിക്കുന്നുണ്ട്. കൈ വിരലിലെ പരുക്കിനെ തുടര്‍ന്ന് ധവാന് മൂന്ന് ആഴ്ചത്തേക്ക് വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ അടുത്ത മൂന്ന് ആഴ്ചത്തേക്കുള്ള ലോകകപ്പ് മത്സരങ്ങളില്‍ ധവാന് കളിക്കാന്‍ സാധിക്കില്ല.

ഇന്ന് ധവാനെ വിവിധ സ്‌കാനിങ്ങുകള്‍ക്ക് വിധേയനാക്കിയിരുന്നു. കൈ വിരല്‍ നീര് വന്ന നിലയിലാണ്. അതിനാല്‍, പരുക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഓസീസ് പേസര്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്തിലാണ് ഇന്ത്യയുടെ ഇടം കൈയ്യൻ ഓപ്പണര്‍ക്ക് പരുക്കേറ്റത്. കൈ വിരലില്‍ പന്ത് കൊണ്ട ശേഷവും ധവാന്‍ ബാറ്റിങ് തുടരുകയായിരുന്നു.

Read More: ‘ഗബ്ബറിന്റെ ശിക്കാര്‍’; ഐസിസി ടൂര്‍ണമെന്റുകളെ പ്രണയിച്ചവന്‍ തിരുത്തിയ ചരിത്രം

വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം. നിലവില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ടിലും വിജയിച്ച് നാല് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്‍പ് ധവാന് ടീമില്‍ തിരിച്ചെത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.

ഓസീസിനെതിരായ മത്സരത്തില്‍ ധവാന്‍ സെഞ്ചുറി നേടിയിരുന്നു. 109 പന്തില്‍ നിന്ന് 117 റണ്‍സാണ് ധവാന്‍ നേടിയത്. 16 ഫോറുകളടങ്ങിയതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ഓവലില്‍ അഞ്ച് തവണ കളിച്ചിട്ടുള്ള ധവാന്‍ മൂന്നാം തവണയാണ് സെഞ്ചുറി നേടുന്നത്. നാലാം തവണയാണ് 50 ല്‍ കൂടുതല്‍ റണ്‍സ് നേടുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഫോമിലേക്ക് ഉയരുന്ന പതിവ് തുടര്‍ന്ന ധവാന്‍ ഇത് ആറാം തവണയാണ് ഐസിസി ഏകദിന ടൂര്‍ണമെന്റില്‍ സെഞ്ചുറി നേടുന്നത്. ഇതോടെ റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര എന്നിവര്‍ക്കൊപ്പമെത്തി ധവാന്‍. മുന്നിലുള്ളത് ഏഴ് സെഞ്ചുറികളുള്ള സച്ചിനും ഗാംഗുലിയും മാത്രമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook