മാഞ്ചസ്റ്റര്‍: 2008 ല്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ വിരാട് കോഹ്ലിയും കെയ്ന്‍ വില്യംസണും ഒരിക്കലും കരുതിക്കാണില്ല വര്‍ഷങ്ങള്‍ക്ക് ശേഷം ഇതുപോലെ ഒരിക്കല്‍ കൂടി തങ്ങള്‍ മുഖാമുഖം വരുമെന്ന്. അന്ന് അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ വിരാട് കോഹ്ലി ഇന്ത്യയെ നയിച്ചപ്പോള്‍ കെയ്ന്‍ വില്യംസണായിരുന്നു കിവികളുടെ നായകന്. അന്ന് ന്യൂസിലന്‍ഡിനെ തകര്‍ത്ത് കോഹ്ലിയും സംഘവും ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കോഹ്ലിയുടേയും വില്യംസണിന്റേയും മനസിലൂടെ ആ ഓർമകള്‍ കടന്നു പോകും.
മറ്റൊരു രസകരമായ വസ്തുത വില്യംസണിനെ പുറത്താക്കിയത് കോഹ്ലി ആയിരുന്നുവെന്നതാണ്. ഇന്ത്യയ്ക്ക് നിര്‍ണായകമായ ബ്രേക്ക് ത്രൂ നല്കിയതായിരുന്നു ആ വിക്കറ്റ്. വര്‍ഷങ്ങള്‍ പിന്നിട്ടു. ഇന്ന് കോഹ്ലിയും വില്യംസണും ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാരാണ്. തമ്മില്‍ ആരാണ് മികച്ചവനെന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണ്.
രണ്ട് പേരും വീണ്ടും മുഖാമുഖം വരുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ഓർമകള്‍ മാത്രമല്ല, പഴയൊരു വീഡിയോയും ചര്‍ച്ചയായി മാറുകയാണ്. വിരാട് കോഹ്ലിയുടെ പന്തില്‍ വില്യംസണ് പുറത്താകുന്ന വീഡിയോയാണ് വൈറലാകുന്നത്. ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണെങ്കിലും ബോളിങ്ങില്‍ അത്ര നല്ല റെക്കോര്‍ഡില്ലാത്ത കോഹ്ലി വില്യംസണിനെ പുറത്താകുന്ന വീഡിയോ ആരാധകര്‍ കുത്തിപ്പൊക്കുകയായിരുന്നു.
”11 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഞങ്ങള്‍ രണ്ടും സ്വന്തം രാജ്യത്തിന്റെ സീനിയര്‍ ടീമിനെ നയിക്കുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഞങ്ങളിതിനെ കുറിച്ച് സംസാരിച്ചിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്നവരില്‍ മിക്കവരും നാഷണല്‍ ടീമിലെത്തി. ചിലര്‍ ഇപ്പോഴും കളിക്കുന്നുണ്ട്” കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കോഹ്ലി പറഞ്ഞു.
അതേസമയം, വില്യംസണിന്റെ വിക്കറ്റ് ഇനി തനിക്ക് ലഭിക്കില്ലെന്നാണ് കോഹ്ലി പറയുന്നത്. ഇന്ന് കളിക്കുന്നവരില്‍ രവീന്ദ്ര ജഡേജ, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരും 2008 ലെ ടീമിലുണ്ടായിരുന്നു. അന്ന് സെമിയില്‍ 43 റണ്‍സും 2 വിക്കറ്റും നേടിയ കോഹ്ലിയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.