മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം അങ്കത്തിനിറങ്ങുമ്പോള്‍ മഴയുടെ കളി ഇന്നും തുടരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. മഴമൂലം നാല് മത്സരങ്ങളാണ് ലോകകപ്പില്‍ ഇതുവരെ ഉപേക്ഷിച്ചത്. ചിലത് മഴനിയമം മൂലം മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരവും മഴനിയമം അനുസരിച്ചായിരുന്നു വിജയത്തിലെത്തിയത്.

ഇന്ത്യ-പാക് മത്സരത്തേയും മഴ നശിപ്പിക്കരുതേ എന്നാണ് ആരാധകരുടെ പ്രാർഥന. കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് മഴ പെയ്യാനുള്ള സാധ്യതകള്‍ ഉണ്ട്. മത്സരത്തിന്റെ മുഴുവന്‍ സമയത്തും മൂടിക്കെട്ടിയ അന്തരീക്ഷമാകും. ഒപ്പം ചെറിയ തോതില്‍ ഇടയ്ക്കിടെ മഴ കളി തടസപ്പെടുത്താനും സാധ്യതയുണ്ട്. ഉച്ചയോടെയും വൈകുന്നേര സമയത്തും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇതോടെ ടോസിന് ഇറങ്ങുമ്പോള്‍ മുതല്‍ മഴ നിയമത്തേയും പരിഗണിച്ചായിരിക്കും ടീമുകളുടെ തീരുമാനങ്ങള്‍.

Read More :‘ഇതൊരു സാധാരണ മത്സരം മാത്രം, പ്രതീക്ഷയുടെ അമിതഭാരമില്ല’; ഇന്ത്യാ-പാക് മത്സരത്തെ കുറിച്ച് വിരാട് കോഹ്‌ലി

അതേസമയം, മഴ മൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിന് അത് അത്ര ക്ഷീണമാകില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് കളികള്‍ ജയിച്ചാണ് ഇന്ത്യ നില്‍ക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ അഞ്ച് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഏഴ് പോയിന്റുള്ള കിവികളാണ് ഒന്നാമത്. ആകെ ഒമ്പത് മത്സരങ്ങളാണ് ഒരു ടീമിനുള്ളത്. അതില്‍ ആറെണ്ണം ജയിച്ചാല്‍ സെമിയിലെത്താം.

അത് പ്രകാരം ഇന്ത്യയ്ക്ക് ഒരു വാഷ് ഔട്ട് കൂടി താങ്ങാനാകും. ഇനി കളിക്കാനുള്ളത് ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ താരതമ്യേന ദുര്‍ബലരായ ടീമുകളോടായതിനാല്‍ ഇന്ത്യക്ക് സെമിയിലെത്താന്‍ ഇന്ന് ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നാലും സാധിക്കും. എന്നാല്‍ പാക്കിസ്ഥാന് ഇന്ന് ഒരു പോയിന്റാണ് കിട്ടുന്നതെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ആകെ കൈയ്യിലുള്ളത് മൂന്ന് പോയിന്റാണ്. ഇനിയുള്ള എല്ലാ കളികളും ജയിച്ചാലേ സെമിയിലെത്താന്‍ പാക്കിസ്ഥാന് സാധിക്കുകയുള്ളൂ.

ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. ഇതുവരെ ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഇന്ത്യ വിജയം നേടി. ഇത്തവണ പാക്കിസ്ഥാന് മത്സരം വിട്ടുകൊടുക്കാന്‍ വിരാട് കോഹ്‌ലിയും കൂട്ടരും തയ്യാറല്ല. ലോകകപ്പിലെ പ്രതാപം നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ടീം തന്നെയാണ് ഇംഗ്ലണ്ടിലുള്ളത്.

Also Read: IND vs PAK, World Cup 2019: ഇന്ത്യാ-പാക് പോരാട്ടം എവിടെ?, എപ്പോള്‍?, മഴ പെയ്യുമോ?; അറിയേണ്ടതെല്ലാം

ധവാനില്ലെങ്കിലും മറ്റുതാരങ്ങളെല്ലാം അരയും തലയും മുറുക്കി തന്നെയാകും മൈതാനത്തെത്തുക. രോഹിതും കോഹ്‌ലിയും ധോണിയുമെല്ലാം പാക് ബോളര്‍മാരെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. ഭുവനേശ്വറും ബുംറയും പാക് നിരയെ തകര്‍ക്കാന്‍ പോന്നവര്‍ തന്നെ. ഇന്ന് ധവാന് പകരം ലോകേഷ് രാഹുല്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ വിജയ് ശങ്കറായിരിക്കും കളിക്കാനിറങ്ങുക. ഇന്ത്യന്‍ നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്. എന്നാല്‍ ബാറ്റിങ് നിര സ്ഥിരത പുലര്‍ത്താത്തത് വെല്ലുവിളിയാണ്. മുഹമ്മദ് ആമിറിന്റെയും വഹാബ് റിയാസിന്റെയും പന്തുകളെയാകും ഇന്ത്യ കൂടുല്‍ ഭയക്കുക. മഴ വില്ലനായില്ലെങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook