ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ശ്രീലങ്കയുയര്‍ത്തിയ റണ്‍മലയ്ക്ക് മുന്നില്‍ പൊരുതി വീണ് വെസ്റ്റ് ഇന്‍ഡീസ്. 339 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി വിന്‍ഡീസ് 315 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. അവസാന ഓവറിലാണ് വിന്‍ഡീസ് ഇന്നിങ്‌സ് അവസാനിച്ചത്. ശ്രീലങ്കയ്ക്ക് 23 റണ്‍സിന്റെ വിജയം. സെഞ്ചുറി നേടിയ നിക്കോളാസ് പൂരാന്റെ മിന്നും പ്രകടനമാണ് വിന്‍ഡീസിനെ ഇത്രത്തോളം എത്തിച്ചത്.

ഓപ്പണര്‍മാര്‍ സുനില്‍ ആമ്പ്രിസ് അഞ്ച് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഗെയില്‍ ക്രീസിലുറച്ച് നിന്നു. പിന്നാലെ വന്ന ഷായ് ഹോപ്പും അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഗെയില്‍ 35 റണ്‍സും ഹെറ്റ്മയര്‍ 29 റണ്‍സുമാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ വന്ന നിക്കോളാസ് തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് പ്രതീക്ഷകള്‍ ഉണര്‍ന്നു.

നാല് സിക്‌സും 11 ഫോറുമായി അടിച്ചു തകര്‍ത്ത നിക്കോളാസ് 118 റണ്‍സെടുത്താണ് പുറത്തായത്. തന്റെ കന്നി ഏകദിന സെഞ്ചുറിയാണ് നിക്കോളാസ് ഇന്ന് നേടിയത്. ഇന്നത്തെ മത്സരത്തില്‍ രണ്ടാമത്തെ ‘കന്നി’ സെഞ്ചുറിയാണിതെന്നതും ശ്രദ്ധേയമാണ്. നിക്കോളാസിനൊപ്പം വാലറ്റത്ത് ഫാബിയന്‍ അലനും ശക്തമായി ചെറുത്തു നിന്നു. 31 പന്തില്‍ 51 റണ്‍സാണ് ഫാബിയന്‍ നേടിയത്.

നിക്കോളാസിനെ നഷ്ടമായതോടെ വിന്‍ഡീസ് പ്രതീക്ഷകള്‍ അവസാനിച്ചു. എയ്ഞ്ചലോ മാത്യൂസാണ് നിക്കോളാസിനെ പുറത്താക്കിയത്. 2017 ഡിസംബറിന് ശേഷം ഇതാദ്യമായാണ് മാത്യൂസ് പന്തെറിയുന്നത്. നിക്കോളാസിനെ പുറത്താക്കിയതും അവസാന ഓവറുമടക്കം രണ്ട് ഓവര്‍ മാത്രമാണ് മാത്യൂസ് എറിഞ്ഞത്. മൂന്ന് വിക്കറ്റ് എടുത്ത ലസിത് മലിംഗയാണ് ലങ്കയ്ക്ക് വിജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

നേരത്തെ 50 ഓവറില്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സാണ് എടുത്തത്. സെഞ്ചുറി നേടിയ അവിഷ്‌ക ഫെര്‍ണാണ്ടോയുടെ മികവിലാണ് ലങ്ക കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഓപ്പണര്‍മാരായ ദിമുത്ത് കരുണരത്‌നെയും കുസാല്‍ പെരേരയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ശ്രീലങ്കയ്ക്ക് സമ്മാനിച്ചത്. എന്നാല്‍ 32 റണ്‍സെടുത്ത ദിമുത്തിനെ ജെയ്‌സന്‍ ഹോള്‍ഡര്‍ പുറത്താക്കി. പിന്നാലെ വന്ന ഫെര്‍ണാണ്ടോയും കുസാല്‍ പെരേരയും ചേര്‍ന്ന് ലങ്കയ്ക്കായി സ്‌കോര്‍ ഉയര്‍ത്തി.

അര്‍ധ സെഞ്ചുറി നേടിയ കുസാല്‍ പെരേര 64 റണ്‍സെടുത്ത് നില്‍ക്കെ റണ്‍ ഔട്ടായി. മധ്യനിരയെ കൂട്ടുപിടിച്ച് ഫെര്‍ണാണ്ടോ കളി മുന്നോട്ട് കൊണ്ടു പോയി. ശക്തമായ പിന്തുണയാണ് മധ്യനിര നല്‍കിയത്. കുസാല്‍ മെന്‍ഡിസ് 39 റണ്‍സും തിരിമാനെ 45 റണ്‍സും നേടി. എയ്ഞ്ചലോ മാത്യൂസ് 26 റണ്‍സും കൂട്ടിച്ചേര്‍ത്തു.

രണ്ട് സിക്‌സും ഒമ്പത് ഫോറും നേടിയ ഫെര്‍ണാണ്ടോ 103 പന്തില്‍ 104 റണ്‍സാണ് നേടിയത്. ലങ്കയുടെ ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിയാണ്. ഫെര്‍ണാണ്ടോയുടെ ആദ്യ ഏകദിന സെഞ്ചുറിയുമാണിത്.

രണ്ട് വിക്കറ്റ് നേടിയ ജെയ്‌സന്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ബോളര്‍മാരില്‍ തിളങ്ങിയത്. ഓഷ്യാനെ തോമസും ഫാബിയന്‍ അലനും ഷെല്‍ഡന്‍ കോട്രെലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ വിൻഡീസ് നായകൻ ജേസൺ ഹോൾഡർ ഫീൾഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നത്തെ മത്സരം ജയിച്ച് പോയിന്റ് പട്ടികയിൽ മുന്നിലെത്തുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം.

ലോകകപ്പിൽ ഒമ്പതാം സ്ഥാനക്കാരായ വെസ്റ്റ് ഇൻഡീസിന്റെ സെമി സാധ്യതകൾ അവസാനിച്ചെങ്കിലും പോയിന്റ് പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ടൂർണമെന്റ് അവസാനിപ്പിക്കാനാണ് വിൻഡീസിന്റെ ശ്രമം. പാക്കിസ്ഥാനെതിരെ ജയിച്ച് തുടങ്ങിയ വിൻഡീസിന് ലോകകപ്പിൽ പിന്നീട് മറ്റാരോടും ജയിക്കാൻ സാധിച്ചില്ല. അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ട വിൻഡീസിന്റെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

മറുവശത്ത് തമ്മിൽ ഭേദമാണ് ശ്രീലങ്കയുടെ കണക്കുകൾ. ലോകകപ്പിൽ രണ്ട് മത്സരങ്ങൾ ജയിച്ച് കഴിഞ്ഞു ശ്രീലങ്ക. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് വിജയിച്ചതോടെ ലങ്കയുടെ സെമി സാധ്യതകള്‍ അവസാനിച്ചിരുന്നു. ടൂർണമെന്റിൽ ലങ്കയുടെ പ്രധാന എതിരാളികൾ മഴയായിരുന്നു. ലങ്കയുടെ രണ്ട് മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook