ഏകദിന ലോകകപ്പിൽ വിൻഡീസിനെതിരെ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ കഷ്ടിച്ചാണ് മൂന്നക്കം കടന്നത്. 21.4 ഓവറിൽ 105 റൺസിന് പാക്കിസ്ഥാൻ പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഓഷേൻ തോമസാണ് പാക്കിസ്ഥാനെ ചെറിയ സ്കോറിലൊതുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത നായകൻ ജേസൺ ഹോൾഡറുടെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു വിൻഡീസ് ബോളർമാരുടെ പ്രകടനം. വിൻഡീസ് ആക്രമണത്തിന് നേതൃത്വം നൽകിയതും നായകൻ ജേസൺ ഹോൾഡർ തന്നെയായിരുന്നു. നാല് പാക് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് വേണ്ടി ഇന്നിങ്സ് ഓപ്പൻ ചെയ്തത് ഇമാം ഉൾ ഹഖും ഫഖർ സമാനും. ടീം സ്കോർ 35ൽ എത്തിയപ്പോഴേക്കും ഓപ്പണർമാർ മടങ്ങി. ഇമാം ഉൾ ഹഖിനെ കോട്ട്രലും ഫഖർ സമാനെ ആന്ദ്രെ റസലുമാണ് പുറത്താക്കിയത്.

പിന്നാലെ എത്തിയ ബാബർ അസം ചെറുത്തു നിൽപ്പിനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ നാലമനായി എത്തിയ ഹാരിസ് സൊഹെയിൽ എട്ട് റൺസിന് പുറത്തായതോടെ വിൻഡീസിന് വീണ്ടും പ്രഹരം. എട്ട് റൺസെടുത്ത സൊഹെയിലിനെ മടക്കിയതും റസൽ​ തന്നെ. ബാബർ അസമിന്റെ ആയുസും വേഗം തീർന്നു. ഓഷേൻ തോമസിന്റെ പന്തിൽ ഷായ് ഹോപ്പിന് ക്യാച്ച് നൽകിയാണ് ബാബർ അസം ക്രീസ് വിട്ടത്.

പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദിനായിരുന്നു അടുത്ത അവസരം. എന്നാൽ വിൻഡീസ് നായകൻ ഹോൾഡർ തന്നെ സർഫ്രാസിനെ മടക്കി അയച്ചു. ഇതോടെ 75 റൺസിൽ ആദ്യ അഞ്ച് വിക്കറ്റുകളും നഷ്ടപ്പെട്ട പാക്കിസ്ഥാന് പിന്നീട് ചെറുത്ത് നിൽപ്പിനു അവസരം ലഭിച്ചില്ല. മുഹമ്മദ് ഹഫീസിന്റെ 16 റൺസ് ഒഴിച്ച് നിർത്തിയാൽ വാലറ്റം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.

ഒരു റൺസിൽ ഇമാദ് വാസിമും ഹസൻ അലിയും പുറത്തായപ്പോൾ നേരിട്ട ആദ്യ പന്തിൽ തന്നെ ഷബാദ് ഖാൻ പുറത്തായി. അവസാന പ്രതീക്ഷയായി വഹാബ് റിയാസ് നടത്തിയ പ്രകടനമാണ് പാക് സ്കോർ 100 കടത്തിയത്. എന്നാൽ വഹാബിന്റെ പോരാട്ടവും 18 റൺസിൽ അവസാനിച്ചതോടെ 105 റൺസിൽ പാക്കിസ്ഥാൻ പുറത്ത്.

വിൻഡീസിന് വേണ്ടി ഓഷേൻ തോമസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നായകൻ ജേസൺ ഹോൾഡറുടെ സമ്പാദ്യം മൂന്ന് വിക്കറ്റായിരുന്നു. ആന്ദ്രെ റസൽ രണ്ട് വിക്കറ്റും കോട്ട്രൽ ഒരു വിക്കറ്റും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook