ലോകകപ്പില്‍ ഇന്ന് പാകിസ്ഥാന്- വെസ്റ്റിന്‍ഡീസ് പോരാട്ടം. ട്രെന്‍ഡ് ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുക. ലോകകപ്പിലെ രണ്ടാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ തോറ്റതിനുശേഷമാണ് പാക്കിസ്ഥാന് ഇന്ന് ലോകകപ്പിലെ ആദ്യ കളിക്കിറങ്ങുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 27 റണ്‍സിന് തോല്‍പ്പിച്ചശേഷം പാക് ക്രിക്കറ്റ് ടീം അന്താരാഷ്ട്ര ഏകദിനത്തില്‍ വിജയമറിഞ്ഞിട്ടില്ല. മാര്‍ച്ചില്‍ ഓസ്ട്രേലിയയോട് 5-0നും ഈ മാസം ഇംഗ്ലണ്ടിനോട് 4-0നും തോറ്റശേഷം അവര്‍ ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടും അടിയറവ് പറഞ്ഞു. അതിനുശേഷം നടക്കേണ്ടിയിരുന്ന ബംഗ്ലാദേശിനെതിരായ കളി മഴമൂലം ഒഴിവാക്കുകയൂം ചെയ്തു. ബാറ്റ്സ്മാന്മാര് മികവു കാട്ടുന്നുണ്ടെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയരുന്നില്ല. ഇമാം ഉല് ഹഖും, ബാബര്‍ അസവുമെല്ലാം ബാറ്റിങില്‍ വലിയ പ്രതീക്ഷകളാണ്. ബൌളിംഗില്‍ പതിവ് കരുത്തില്ലെന്നത് വലയ്ക്കുന്നു.
Read More: ലോകകപ്പ് ഓർമ്മകള്‍: ‘ദാദ, നിങ്ങള്‍ക്ക് തെറ്റുപറ്റിയതാണോ?’; വീണു പോയവരെ നെഞ്ചോട് ചേർത്തൊരു രാജ്യം
മറുവശത്ത് ക്രിസ് ഗെയ്ല്, ഇവിന്‍ ലൂയിസ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡാരന്‍ ഹോപ്, ഐപിഎല്ലിലെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് വിന്‍ഡീസ് പ്രതീക്ഷകള്‍ മുഴുവന്‍. ഏപ്രില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 2-2ന് സമനിലയില്‍ പിടിച്ച വിന്‍ഡീസിന് പിന്നീട് ആ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഈ മാസം ആദ്യം അയര്‍ലന്‍ഡ്, ബംഗ്ലാദേശ്, വിന്‍ഡീസ് ടീമുകള്‍ അടങ്ങിയ ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഉള്‍പ്പെടെ മൂന്ന് കളികളിലും ബംഗ്ലാദേശിനോട് വിന്‍ഡീസ് നിര തോറ്റു.സന്നാഹമത്സരത്തില്‍ ന്യൂസിലന്റിനെതിരെ 421 റണ്‍സ് അടിച്ച കരീബിയന്‍ സംഘം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
വിന്‍ഡീസും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1975ലാണ് ഇരുടീമും ആദ്യമായി ഏറ്റുമുട്ടിയത്. ഏകദിനത്തില്‍ ഇതുവരെ 133 മല്‍സരങ്ങൡ വിന്‍ഡീസും പാകിസ്താനും മുഖാമുഖം വന്നപ്പോള്‍ 70ലും വിജയം വിന്‍ഡീസിനായിരുന്നു. വെറും 30 കളികളിലാണ് പാകിസ്താനു ജയിക്കാനായത്. രണ്ടു മല്‍സരങ്ങള്‍ ടൈ ആവുകയായിരുന്നു.